-->
കൊച്ചി : പെരുമ്പാവൂര്‍ മേയ്ക്കപ്പാലയില്‍ കാട്ടാന ആക്രമണം . ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് പ്രദേശവാസിയായ ബൈക്ക് യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത് . 17 കാട്ടാനകളാണ് കൂട്ടത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബൈക്ക് ഉപക്ഷേിച്ച് ഇയാള്‍ ഓടി മാറിയതോടെയാണ് രക്ഷപ്പെട്ടത് .കാട്ടാനകള്‍ ബൈക്ക് പൂര്‍ണമായും തകര്‍ത്തു .
അതിനിടെ കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാന സമീപത്തുണ്ടായിരുന്ന കിണറ്റിൽ വീണു. ഇതോടെ കാട്ടാനക്കൂട്ടം മേഖലയിൽ തുടർന്നത് പ്രദേശവാസികളെ ഭീതിയിലാക്കി. തുടർന്ന് വനംവകുപ്പ് എത്തി കിണർ ഇടിച്ചാണ് കുട്ടിയാനയെ പുറത്തെത്തിച്ചത്. കുട്ടിയാനയെ പുറത്തെത്തിച്ച ശേഷം കാട്ടാനകളെ വനംവകുപ്പ് കാടുകയറ്റി വിട്ടു.
വനംവകുപ്പിന്റെ ജീപ്പിന് നേർക്കും കാട്ടാനകൾ ആക്രമിക്കാൻ എത്തി. ഏകദേശം ഒരു മണിക്കൂറോളമാണ് മേയ്ക്കപ്പാലഗ്രാമവാസികളെ കാട്ടാനകൾ മുൾമുനയിൽ നിർത്തിയത്. മേഖലയിൽ നിരവധി തവണ കാട്ടാന ആക്രമണം നടന്നെങ്കിലും വനംവകുപ്പ് ഇതുവരെ നടപടി എടുത്തിട്ടില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.