Saturday, March 14, 2026 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 15 Mar 2025 10.24 AM

തുടര്‍ സംരക്ഷണം, വിദ്യാഭ്യാസം, പുനരധിവാസം ഉറപ്പുവരുത്തി ; ഏറുമാടത്തില്‍ കണ്ടെത്തിയ കുട്ടികളെ ശിശു സംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു

uploads/news/2025/03/769791/tribal.jpg

അടിമാലി: മാങ്കുളത്ത് പുഴയോരത്തെ പുറമ്പോക്കില്‍ ഏറുമാടത്തില്‍ കണ്ടെത്തിയ വനവാസി കുട്ടികളെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു. ആനക്കുളത്തിനു സമീപം വല്യപാറക്കുട്ടിയില്‍ ഏറുമാടത്തില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങളായ 11, 7, 6 വയസുകളുള്ള കുട്ടികളെയാണ് ഏറ്റെടുത്തത്. ഇന്നലെത്തെ മംഗളം വാര്‍ത്തയെത്തുടര്‍ന്ന് കലക്ടര്‍ വി. വിഗ്‌നേശ്വരി അടിയന്തര നടപടിക്കു നിര്‍ദേശം നല്‍കി.

വാര്‍ത്ത ശ്രദ്ധയില്‍പെട്ട ചിത്തിരപുരം ലിറ്റില്‍ ഫ്‌ളവര്‍ മേഴ്‌സി ഹോം ഡയറക്ടര്‍ മാത്യു മാനുവല്‍ കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചു. ഇതിനിടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി. ജയശീലനും അടിയന്തരമായി ഇടപെട്ടു. കുട്ടികളെ മാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജിന്റെ നേതൃത്വത്തില്‍ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹല്‍മാസ് ഹമീദ്, ജൂനിയല്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ടി. പ്രിയാവതി എന്നിവരടങ്ങുന്ന സംഘം കുട്ടികളെ ചെങ്കുളത്ത് പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ശിശു ക്ഷേമ സമിതി ചെയര്‍മാന്റെ മുന്‍പിലും കുട്ടികളെ ഹാജരാക്കി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു താല്‍ക്കാലികമായി മാറ്റിയത്. ആദിവാസി വിഭാഗത്തില്‍പെട്ട കുട്ടികളെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയിലാണ് കണ്ടെത്തിയത്. അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന കുറത്തിക്കുടി സ്വദേശികളാണ് കുട്ടികള്‍. ഒന്നര മാസം മുമ്പാണ് കുട്ടികള്‍ പിതാവിനൊപ്പം വല്യപാറക്കുട്ടിയില്‍ എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

ഏതാനും മാസങ്ങളായി കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങിയിരുന്നു. തുടര്‍ സംരക്ഷണം, വിദ്യാഭ്യാസം, പുനരധിവാസം തുടങ്ങിയവ ഉറപ്പുവരുത്താനാവശ്യമായ നടപടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ വി.ഐ. നിഷ അറിയിച്ചു. മാതാവ് ഉപേക്ഷിച്ചു പോയ കുട്ടികള്‍ വനാതിര്‍ത്തിയിലെ ഏറുമാടത്തില്‍ തനിച്ചായിരുന്നു താമസം. രാത്രിയില്‍ മാത്രമാണ് പിതാവ് എത്തിയിരുന്നത്. കുട്ടികളിലെ പോഷകാഹാര കുറവ് പ്രഥമദൃഷ്ട്യാ തിരിച്ചറിയാമായിരുന്നു. വനാതിര്‍ത്തിയിലെ മരച്ചില്ലകളില്‍ കാട്ടുകമ്പുകള്‍ വച്ചുകെട്ടിയുണ്ടാക്കിയ ഏറുമാടത്തിന് താഴ്ഭാഗത്താണ് ഇവര്‍ താല്‍ക്കാലിക അടുപ്പുകല്ലുകള്‍ സ്ഥാപിച്ച് ഭക്ഷണം പാചകം ചെയ്തിരുന്നത്.

ഏറുമാടത്തിന്റെ താഴ്ഭാഗത്തായി കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ പതിവായി ഉണ്ടായിരുന്നു. ഇന്നു കുട്ടികളെ ആശുപത്രിയില്‍ എത്തിച്ച് വിശദ പരിശോധന നടത്തി ആവശ്യമെങ്കില്‍ ചികിത്സ നല്‍കുമെന്നും 17 മുതല്‍ തുടര്‍പഠന സൗകര്യം ഒരുക്കുമെന്നും മേഴ്‌സി ഹോം ഡയറക്ടര്‍ പറഞ്ഞു. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദന്‍, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് കുര്യന്‍, ഗ്രാമപഞ്ചായത്തംഗം സവിത റോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തെത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW