-->
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് മെന്‍സ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ അന്വേഷണം പൂര്‍വ്വ വിദ്യാര്‍ത്ഥിയിലേക്ക്. ഇയാളാണ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതെന്നാണ് പിടികൂടിയ കുട്ടികളില്‍ നിന്നും പോലീസിന് കിട്ടിയ വിവരം. ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായിട്ടാണ് വിവരം.എറണാകുളം സ്വദേശിയായ ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
ഇന്നലെ കഞ്ചാവുമായി പോലീസ് പിടികൂടിയ ആകാശിനെ ഇന്ന് വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ആകാശിനെ കൂടുതല്‍ ചോദ്യം ചെയ്ത് വിവരങ്ങള്‍ അറിയേണ്ടതുണ്ട്. ഇന്നലെ ഹോസ്റ്റലിലെ ആകാശിന്റെ മുറിയില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയിരുന്നു. റെയ്ഡില്‍ ഹോസ്റ്റലില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടുകയും മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കൃത്യമായ തെളിവുകളോടെയാണ് പ്രതികളെ പിടികൂടിയതെന്ന് ഇന്നലെ പോലീസ് പറഞ്ഞിരുന്നു.
അതേസമയം തന്റെ മുറിയില്‍ നിന്നും കഞ്ചാവ് പിടികൂടിയിട്ടില്ലെന്നാണ് സംഭവത്തില്‍ പോലീസ് ഇന്നലെ പിടികൂടിയ പ്രതികളില്‍ ഒരാളായ ആദിത്യന്‍ നല്‍കിയ മൊഴി. തന്റെമുറിയില്‍ കണ്ടെത്തിയ സാധനങ്ങള്‍ അവിടെ മറ്റാരോ കൊണ്ടിട്ടതാണെന്നും റെയ്ഡ് സമയത്ത് പുറത്തായിരുന്ന തന്നെ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്നും ഹോസ്റ്റലിലും കോളേജിലും പലരും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് ആരും പുറത്തുപറയാത്തത് കഞ്ചാവ് മാഫിയയെ ഭയന്നണെന്നുമാണ് ഇയാള്‍ പറയുന്നത്.