-->
പത്തനംതിട്ട: പോക്‌സോ കേസില്‍ ജാമ്യമെടുക്കാനും ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുമെന്ന പേരില്‍ രണ്ടാം പ്രതിയുടെ അമ്മയില്‍ നിന്നും 8.65 ലക്ഷം രൂപ തട്ടിയ ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍. തട്ടിപ്പിനിരയായ രണ്ടാം പ്രതിയുടെ മാതാവ് അഭിഭാഷകന്റെ നിര്‍ദേശപ്രകാരം നല്‍കിയ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രക്കാനം തോട്ടുപുറത്ത് ജോ ഓഡിയോ ലാബ് നടത്തുന്ന ജോമോന്‍ മാത്യു(27)വാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ തോട്ടുപുറം കൈപ്പിലാലില്‍ മേലേതില്‍ ജോജി മാത്യുവിന്റെ (24) സഹോദരനാണു ജോമോന്‍ മാത്യു. കേസില്‍ രണ്ടാം പ്രതിയായ പ്രക്കാനം ഷൈനു ഭവനത്തില്‍ ഷൈനുവിന്റെ (22) മാതാവില്‍ നിന്നും രണ്ടു മാസത്തിനിടെ പല തവണയായി 8.65 ലക്ഷം രൂപ വാങ്ങുകയായിരുന്നു.
കോടതിയിലുള്ള കാര്‍ ഇറക്കാനും മകനെ പോലീസ് കസ്റ്റഡിയില്‍ വീടിനു സമീപം കൊണ്ടുവരാതിരിക്കുന്നതിനും എഫ്.ഐ.ആറില്‍ തിരുത്തല്‍ വരുത്തുന്നതിനും മറ്റും ഉദ്യോഗസ്ഥര്‍ക്കു നല്‍കാനെന്നും തെറ്റിദ്ധരിപ്പിച്ചാണു പണം കൈപ്പറ്റിയത്. ജാമ്യം എടുക്കാന്‍ വക്കീലിനു കൊടുക്കാനെന്നു പറഞ്ഞും പണം വാങ്ങി. ജനുവരി 17 നാണ് പ്രതി ആദ്യം പണം കൈപ്പറ്റിയതെന്നു പരാതിയില്‍ പറയുന്നു.
അന്ന് 15,000 രൂപ കൈപ്പറ്റി. തുടര്‍ന്ന് മകന് മരണശിക്ഷ വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഭയപ്പെടുത്തി പലതവണയായി പല ആളുകള്‍ വഴി പണം തട്ടിയെടുക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതിയെ ഇലന്തൂരില്‍ നിന്നാണു കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി: എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.