മൂന്നാര്‍: മൂന്നാറില്‍ വീണ്ടും ഭീതിപടര്‍ത്തി കാട്ടുകൊമ്പന്‍ പടയപ്പയുടെ പരാക്രമം. മൂന്നാര്‍-ഉടമലപ്പേട്ട അന്തര്‍സംസ്‌ഥാന പാതയിലാണ് ഞായറാഴ്‌ച രാത്രി കൊമ്പനിറങ്ങിയത്. തലയാര്‍ ഭാഗത്ത് പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന പടയപ്പ അതുവഴി കടന്നുപോയ വാഹനയാത്രക്കാരെ ആശങ്കയിലാഴ്‌ത്തി.
കൊമ്പന്റെ ആക്രമണത്തില്‍നിന്ന് അത്ഭുതകരമായാണ് ഒരു കാര്‍ രക്ഷപെട്ടത്. കാറിന്റെ മുകള്‍ഭാഗത്ത് ആന തുമ്പിക്കൈകൊണ്ട് അമര്‍ത്തിയതോടെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. മറ്റു വാഹനങ്ങളിലുള്ളവര്‍ ഉച്ചത്തില്‍ ഹോണടിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ മാറാതെ നിന്നു. ഒടുവില്‍ കാര്‍ വെട്ടിച്ചു മുന്നോട്ടെടുത്ത് യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. മറ്റൊരു പിക്കപ്പ് വാനിന്റെ സമീപത്തെത്തിയും പടയപ്പ ഉരസിയിരുന്നു. വാഹനങ്ങള്‍ക്കു സമീപത്തേക്കു പാഞ്ഞടുക്കുകയും ചെയ്‌തു.
മദപ്പാട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി പടയപ്പ വനം വകുപ്പിന്റെ നിരിക്ഷണത്തിലായിരുന്നു. ഒരിടവേളയ്‌ക്കു ശേഷമാണ് വീണ്ടും മൂന്നാറിലെ റോഡിലിറങ്ങി ഭീഷണിയുയര്‍ത്തുന്നത്. ആനയ്‌ക്കു മദപ്പാടുണ്ടെന്നു മൂന്നു മാസം മുമ്പാണ് വനം വകുപ്പ് സ്‌ഥിരീകരിച്ചത്. തുടര്‍ന്ന് പടയപ്പയെ നിരീക്ഷിക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ രണ്ടു സംഘങ്ങളെ ചുമതലപ്പെടുത്തി.
എസ്‌റ്റേറ്റ് ജനവാസമേഖലകളില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് മദപ്പാട് കണ്ടെത്തിയത്. ഇതും ആശങ്ക ഉണര്‍ത്തിയിരുന്നു. വാഹനത്തെ ആക്രമിച്ചതോടെ പടയപ്പയെ നിയന്ത്രിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.