തൃശൂര്‍: രണ്ടു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു പരാജയപ്പെട്ട തൃശൂരില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി ഭാഗ്യംപരീക്ഷിക്കുകയാണ് പത്മജ വേണുഗോപാല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പത്മജ തൃശൂരില്‍ സ്‌ഥാനാര്‍ഥിയായിരുന്നു. കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച പത്മജയുടെ പ്രചാരണത്തിനായി ദേശീയ നേതാവ് സോണിയാ ഗാന്ധി എത്തുമെന്നറിയിച്ച കോണ്‍ഗ്രസ് നേതാക്കള്‍, അവര്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിക്കാന്‍ പത്മജയില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങിച്ചുവെന്ന് ആരോപണമുയര്‍ന്നു.
പ്രചാരണത്തിന് വന്നതാകട്ടെ പ്രിയങ്കാ ഗാന്ധി വാധ്‌രയും. എന്നാല്‍, പ്രചാരണവാഹനത്തില്‍ പത്മജയെ കയറ്റിയതുമില്ല. പത്മജ തന്നെ പല വേദികളിലും ഈ പരാതി നേരിട്ട് ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. തൃശൂരില്‍ പത്മജയുടെ മൂന്നാമത്തെ മത്സരം ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി താമര ചിഹ്നത്തിലാണെന്നതാണ് ശ്രദ്ധേയം. പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി 29-ന് തൃശൂരിലെത്തും. പത്മജയ്‌ക്കൊപ്പം റോഡ് ഷോയടക്കം പ്രധാനമന്ത്രിക്ക് പരിപാടികളേറെ. മധ്യകേരളത്തില്‍ തീപാറുന്ന പോരാട്ടത്തിനാണ് തൃശൂരില്‍ അങ്കത്തട്ടൊരുങ്ങിയത്.
കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിലെ അതികായനായിരുന്ന കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍, ബി.ജെ.പി. ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്‌ഡലത്തില്‍ മത്സരത്തിനിറങ്ങിയതോടെ പാര്‍ട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെയാണ് ചലിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മിന്നുന്ന വിജയം നേടിയതോടെ തൃശൂര്‍ ദേശീയതലത്തിലും ശ്രദ്ധാകേന്ദ്രമായി. വോട്ടിങ് നിലയില്‍ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്നിലെത്തിയതും സുരേഷ് ഗോപിയായിരുന്നു. ഈ മികവ് നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. കേന്ദ്രങ്ങള്‍.
കഴിഞ്ഞ രണ്ടു തവണ കോണ്‍ഗ്രസിനു വേണ്ടി മത്സരത്തിനിറങ്ങിയ പത്മജ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം അവസാനിപ്പിച്ച് ബി.ജെ.പിയിലെത്തിയത്.
ഇടതുമുന്നണിയില്‍ സി.പി.ഐ. മത്സരിക്കുന്ന മണ്ഡലത്തില്‍ ആലങ്കോട് ലീലാകൃഷ്‌ണനാണ് സ്‌ഥാനാര്‍ഥി. അപ്രതീക്ഷിതമായാണ് ആലങ്കോട് സ്‌ഥാനാര്‍ഥിയായി എത്തിയത്. മുന്‍ മേയര്‍ കൂടിയായ രാജന്‍ പല്ലനാണ് കോണ്‍ഗ്രസിനു വേണ്ടി രംഗത്തിറങ്ങുന്നത്. കോണ്‍ഗ്രസ് വിമതനായി മുന്‍ കൗണ്‍സിലര്‍ ജയപ്രകാശ് പൂവത്തിങ്കലും പത്രിക നല്‍കി. ആം ആദ്‌മി പാര്‍ട്ടിക്കു വേണ്ടി റാണി ആന്റോയും മത്സരരംഗത്തുണ്ട്. പത്രികാ സമര്‍പ്പണത്തിന് പിന്നാലെ തന്നെ സ്‌ഥാനാര്‍ഥികള്‍ പ്രചാരണരംഗത്ത് സജീവമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്ത ത്രികോണ മത്സരമാണ് നടന്നത്. കോണ്‍ഗ്രസിനായി പത്മജയും ബി.ജെ.പിക്കായി സുരേഷ് ഗോപിയും സി.പി.ഐക്കായി പി. ബാലചന്ദ്രനും ഏറ്റുമുട്ടി. 946 വോട്ടിനായിരുന്നു ബാലചന്ദ്രന്റെ വിജയം. പി. ബാലചന്ദ്രന് 44,263 വോട്ടും രണ്ടാം സ്‌ഥാനത്ത് എത്തിയ പത്മജയ്‌ക്ക് 43,317 വോട്ടുമാണ് ലഭിച്ചത്. മുന്നാം സ്‌ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് 40,457 വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു 2021-ലേത്. ഈ തെരഞ്ഞെടുപ്പിന് പിന്നാലെ തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടര്‍ന്ന സുരേഷ് ഗോപി 2024-ല്‍ ബി.ജെ.പിക്കു സമ്മാനിച്ചത് കേരളത്തില്‍നിന്നുള്ള കന്നി ലോക്‌സഭാംഗത്വമാണ്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മണ്‌ഡലത്തില്‍ ഒന്നാം സ്‌ഥാനത്തായിരുന്നുവെന്നത് ഇടതു വലത് മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
2016-ലാണ് പത്മജ തൃശൂരില്‍ കന്നി മത്സരത്തിനിറങ്ങിയത്. സി.പി.ഐയിലെ വി.എസ്. സുനില്‍കുമാറായിരുന്നു മുഖ്യ എതിരാളി. ബി. ഗോപാലകൃഷ്‌ണനായിരുന്നു ബി.ജെ.പി. സ്‌ഥാനാര്‍ഥി. ഈ തെരഞ്ഞെടുപ്പില്‍ സുനില്‍കുമാര്‍ 6987 വോട്ടിന് വിജയിച്ചു.
തൃശൂരില്‍ ബി.ജെ.പി. കരുത്ത് തെളിയിച്ച ആദ്യ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. മൂന്നാം സ്‌ഥാനത്ത് എത്തിയ ഗോപാലകൃഷ്‌ണന്‍ 24,748 വോട്ടാണ് നേടിയത്. അതിനു മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി നേടിയത് 6697 വോട്ട് മാത്രമായിരുന്നു.
പ്രധാനമന്ത്രി എത്തുന്നതോടെ കോണ്‍ഗ്രസും താരപ്രചാരകരെ എത്തിക്കാനുള്ള നീക്കങ്ങളിലാണ്. എല്‍.ഡി.എഫിനായി മുഖ്യമന്ത്രിയും സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറിയും പ്രചാരണത്തിന് എത്താനുള്ള സാധ്യതയുണ്ട്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജന്‍ പല്ലനെതിരേ പാര്‍ട്ടിയില്‍തന്നെ ഗ്രൂപ്പ് പോരും ശക്‌തം. സാമുദായിക സമവാക്യം പാലിക്കാതെയാണ് സ്‌ഥാനാര്‍ഥി നിര്‍ണയമെന്നാണ് കോണ്‍ഗ്രസിലെ പ്രധാന പരാതി. ഇതേ പരാതി ഉന്നയിച്ചാണ് വിമത സ്‌ഥാനാര്‍ഥിയും രംഗത്തെത്തിയത്.
മണ്ഡലത്തെ ഇതുവരെ പ്രതിനിധീകരിച്ചവര്‍:
1957: എ.ആര്‍. മേനോന്‍ (സ്വതന്ത്രന്‍)
1960: ടി.എ. ധര്‍മരാജ അയ്യര്‍ (കോണ്‍ഗ്രസ്)
1967: കെ. ശേഖരന്‍ നായര്‍ (സി.പി.എം)
1970: ജോസഫ് മുണ്ടശേരി (സ്വതന്ത്രന്‍)
1972: പി.എ. ആന്റണി (കോണ്‍ഗ്രസ്)
1977: കെ.ജെ. ജോര്‍ജ് (ബി.എല്‍.ഡി)
1980: എം.കെ. കണ്ണന്‍ (സി.പി.എം)
1982: തേറമ്പില്‍ രാമകൃഷ്‌ണന്‍ (എന്‍.ഡി.പി)
1987: ഇ.കെ. മേനോന്‍ (സി.പി.എം)
1991, 96, 2001, 2006, 2011:തേറമ്പില്‍ രാമകൃഷ്‌ണന്‍ (കോണ്‍ഗ്രസ്)
2016: വി.എസ്. സുനില്‍ കുമാര്‍ (സി.പി.ഐ)
2021: പി. ബാലചന്ദ്രന്‍ (സി.പി.ഐ)
ജിനേഷ് പൂനത്ത്