തിരുവനന്തപുരം: സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. സംസ്‌ഥാനത്താകെ 1269 പത്രികകളാണു ലഭിച്ചത്.പത്രികകളുടെ സൂക്ഷ്‌മപരിശോധനയ്‌ക്കുശേഷം പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. പിന്‍വലിക്കാനുള്ള അവസാന തീയതി 26 ആണ്.
പ്രതിപക്ഷ നേതാവും പറവൂരിലെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയുമായ വി.ഡി. സതീശന്‍, പാലായിലെ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി ജോസ് കെ. മാണി, ഒറ്റപ്പാലത്തെ ബി.ജെ.പി. സ്‌ഥാനാര്‍ഥി മേജര്‍ രവി, നേമത്തെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥി കെ.എസ്. ശബരിനാഥന്‍, ഗുരുവായൂരിലെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ബി. ഗോപാലകൃഷ്‌ണന്‍, എലത്തൂരിലെ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി എ.കെ. ശശീന്ദ്രന്‍, തൃക്കാക്കരയിലെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി അഖില്‍ മാരാര്‍, തിരുവനന്തപുരം മണ്‌ഡലത്തിലെ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി സുധീര്‍ കരമന, എന്‍.ഡി.എ. സ്‌ഥാനാര്‍ഥി കരമന ജയന്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ ഇന്നലെ നാമനിര്‍ദേശ പത്രിക നല്‍കി. പയ്യന്നൂരിലെ യു.ഡി.എഫ്. സ്വതന്ത്ര സ്‌ഥാനാര്‍ഥി വി. കുഞ്ഞികൃഷ്‌ണനും പത്രിക നല്‍കി. പല മണ്‌ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്‌ഥാനാര്‍ഥികള്‍ രംഗത്തുള്ളതിനാല്‍ അവരെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നേതാക്കള്‍.
ഇത്തവണ 2.72 കോടി വോട്ടര്‍മാരാണു കേരളത്തിന്റെ രാഷ്‌ട്രീയ ഭാവി നിര്‍ണയിക്കാന്‍ വിധിയെഴുതുന്നത്. സൂക്ഷ്‌മപരിശോധനയും സ്‌ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള സമയപരിധിയും കഴിയുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ യഥാര്‍ഥ മത്സരചിത്രം വ്യക്‌തമാകും.