Tuesday, March 24, 2026 Last Updated 36 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 23 Mar 2026 11.43 PM

വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യരാക്കിയ ഉത്തരവിന്‌ സ്‌റ്റേ

വെള്ളാപ്പള്ളി നടേശനും യോഗം വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളിയും നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൗമെന്‍ സെന്‍, ജസ്‌റ്റിസ്‌ വി.എം.ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്‌
Vellappally Nateshan

കൊച്ചി: എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ യോഗം ഡയറക്‌ടര്‍ ബോര്‍ഡിലെ അംഗങ്ങളെയെല്ലാം അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ ഉത്തരവിന്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ.

വെള്ളാപ്പള്ളി നടേശനും യോഗം വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളിയും നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൗമെന്‍ സെന്‍, ജസ്‌റ്റിസ്‌ വി.എം.ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്‌. വിശദ വാദത്തിനായി അപ്പീല്‍ ജൂണിലേക്കു മാറ്റി. ഹര്‍ജിക്കാരടക്കമുള്ളവര്‍ ഡയറക്‌ടര്‍മാരായി തുടരുന്നത്‌ അപ്പീലിലെ അന്തിമ വിധിക്ക്‌ വിധേയമായിരിക്കുമെന്നും കോടതി വ്യക്‌തമാക്കി.

യോഗം ഭരണസമിതി തുടര്‍ച്ചയായ മൂന്നു വര്‍ഷം വരവുചെലവ്‌ കണക്കുകള്‍ സമര്‍പ്പിച്ചില്ല, ഡയറക്‌ടര്‍മാര്‍ക്ക്‌ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന ഡയറക്‌ടര്‍ ഐഡന്‍ഫിക്കേഷന്‍ നമ്പര്‍ (ഡി.ഐ.എന്‍) ഇല്ല എന്നീ കാര്യങ്ങള്‍ കണക്കിലെടുത്താണ്‌ സിംഗിള്‍ബെഞ്ച്‌ വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ അയോഗ്യരാക്കി പ്രഖ്യാപിച്ചത്‌. പ്രഫ. എം.കെ.സാനു ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലായിരുന്നു കഴിഞ്ഞ 12ന്‌ ഉത്തരവുണ്ടായത്‌.

എന്നാല്‍, ഡയറക്‌ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ഡിന്‍) ചട്ടങ്ങള്‍ക്ക്‌ സംസ്‌ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇതില്ല എന്നതിന്റെ പേരില്‍ യോഗം ഡയറക്‌ടര്‍മാരെ കുറ്റപ്പെടുത്താനാവില്ലെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി. മാത്രമല്ല, കേന്ദ്ര കമ്പനി നിയമപ്രകാരമുള്ള 'ഡിന്‍' ഇവര്‍ക്കുണ്ടെന്നും ഡിവിഷന്‍ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി രേഖകള്‍ ഹൈക്കോടതിയുടെ കസ്‌റ്റഡിയിലായിരുന്നതിനാല്‍ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന കാര്യത്തില്‍ കമ്പനി രജിസ്‌ട്രാര്‍ യോഗത്തിന്‌ ഇളവ്‌ അനുവദിച്ച നടപടിയിലും തെറ്റില്ല. രജിസ്‌ട്രാറുടെ ഈ നടപടിയിലെ ശരിതെറ്റുകള്‍ മാത്രമേ പരിശോധിക്കേണ്ടതുള്ളൂ. ഇതുമായി ബന്ധപ്പെട്ട മറ്റ്‌ ഘടകങ്ങളൊന്നും പരിശോധനവിധേയമാക്കേണ്ടതില്ലെന്നും കോടതി വ്യക്‌തമാക്കി.

അപ്പീല്‍ ഹര്‍ജിക്കാരെ കൂടാതെ യോഗം പ്രസിഡന്റ്‌ ഡോ.എം.എന്‍. സോമന്‍, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്‌ എന്നിവരും സിംഗിള്‍ബെഞ്ച്‌ ഉത്തരവിലൂടെ അയോഗ്യരാക്കപ്പെട്ടിരുന്നു. പൊതുയോഗം ചേര്‍ന്ന്‌ പുതിയ ഡയറക്‌ടര്‍മാരെ തെരഞ്ഞെടുക്കുന്നതുവരെ താല്‍ക്കാലിക ഡയറക്‌ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാരിനും സിംഗിള്‍ബെഞ്ച്‌ നിര്‍ദേശം നല്‍കിയിരുന്നു.

Ads by Google
സ്വന്തം ലേഖകന്‍
Monday 23 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google