Monday, March 23, 2026 Last Updated 6 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
ജി. അരുണ്‍
ജി. അരുണ്‍
Sunday 22 Mar 2026 11.42 PM

പാചകവാതകക്ഷാമം ; വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കി ഇന്‍ഡക്‌ഷന്‍ കുക്കര്‍, പീക്ക്‌ ടൈം വൈദ്യുതി ഉപയോഗം 5000 മെഗാവാട്ടിനു മുകളിലെത്തി

വൈകിട്ട്‌ 6 മുതല്‍ രാത്രി 11 വരെയുള്ള പീക്ക്‌ സമയത്തെ വൈദ്യുതി ഉപയോഗം കുറയ്‌ക്കണം. ജനം സഹകരിച്ചില്ലെങ്കില്‍ വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിക്കുകയല്ലാതെ മാര്‍ഗമില്ലെന്നും കെ.എസ്‌.ഇ.ബി. വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
KSEB, Induction cooker

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഊര്‍ജപ്രതിസന്ധിയിലേക്കു തള്ളിയിട്ട്‌ ഇന്‍ഡക്‌ഷന്‍ കുക്കറുകള്‍. പാചകവാതകക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളില്‍ ഉള്‍പ്പെടെ ഇന്‍ഡക്‌ഷന്‍ കുക്കര്‍ ഉപയോഗം വ്യാപകമായതാണ്‌ വൈദ്യുതി പ്രതിസന്ധിക്കു കാരണമാകുന്നത്‌.

കഴിഞ്ഞ ഒരാഴ്‌ചത്തെ കണക്കനുസരിച്ച്‌ സംസ്‌ഥാനത്തെ പീക്ക്‌ ടൈം വൈദ്യുതി ഉപയോഗം 5000 മെഗാവാട്ടിനു മുകളിലെത്തി. പ്രതിദിനം ശരാശരി 101 ദശലക്ഷം യൂണിറ്റാണ്‌ നിലവിലെ ഉപയോഗം. കഴിഞ്ഞ 12-നു മാത്രം രേഖപ്പെടുത്തിയത്‌ 5352 മെഗാവാട്ടാണ്‌. മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍പ്രകാരം, സംസ്‌ഥാനത്തെ വൈദ്യുതി ആവശ്യകതയില്‍ വന്‍വര്‍ധനയാണ്‌ ദൃശ്യമാകുന്നത്‌. 2022 മാര്‍ച്ചില്‍ 4380 മെഗാവാട്ടായിരുന്ന ഉപയോഗം 2024-ല്‍ 5150 മെഗാവാട്ടായി.

ഈവര്‍ഷം ഇതുവരെ 5300 മെഗാവാട്ട്‌ പിന്നിട്ടു. വരുംദിവസങ്ങളില്‍ ചൂട്‌ ഉയര്‍ന്നാല്‍ ഇത്‌ 5700 മെഗാവാട്ടിന്‌ മുകളിലെത്താനാണ്‌ സാധ്യത.
നിലവില്‍ കേരളം പ്രതിദിനം ഉത്‌പാദിപ്പിക്കുന്നത്‌ 1600 മെഗാവാട്ട്‌ വൈദ്യുതി മാത്രമാണ്‌. ബാക്കി ഭീമമായ തുകയ്‌ക്ക്‌ പുറത്തുനിന്ന്‌ വാങ്ങുകയാണ്‌. പുറത്തുനിന്ന്‌ 6000 മെഗാവാട്ട്‌ വരെ എത്തിക്കാനുള്ള സാങ്കേതികശേഷി സംസ്‌ഥാനത്തിനുണ്ടെങ്കിലും കേന്ദ്ര വൈദ്യുതി അതോറിറ്റി 4400 മെഗാവാട്ട്‌ വരെയേ അനുവദിച്ചിട്ടുള്ളൂ. ഈ പരിധി മറികടന്നാല്‍ ഗ്രിഡ്‌ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ വൈദ്യുതി വാങ്ങാന്‍ പരിമിതിയുണ്ട്‌.

വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ പകല്‍ ഉപയോഗം കൂട്ടുകയെന്ന നയമാണ്‌ വകുപ്പ്‌ ഇപ്പോള്‍ മുന്നോട്ടുവയ്‌ക്കുന്നത്‌. ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ചാര്‍ജിങ്‌, ഇന്‍ഡക്‌ഷന്‍ കുക്കര്‍ ഉപയോഗം എന്നിവ പകല്‍ സമയത്തേക്കു പരിമിതപ്പെടുത്തണം.

വൈകിട്ട്‌ 6 മുതല്‍ രാത്രി 11 വരെയുള്ള പീക്ക്‌ സമയത്തെ വൈദ്യുതി ഉപയോഗം കുറയ്‌ക്കണം. ഈ നിര്‍ദേശം പാലിക്കുന്നവര്‍ക്ക്‌ വൈദ്യുതി നിരക്കില്‍ ഇളവ്‌ നല്‍കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്‌. ജനം സഹകരിച്ചില്ലെങ്കില്‍ വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിക്കുകയല്ലാതെ മാര്‍ഗമില്ലെന്നും കെ.എസ്‌.ഇ.ബി. വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ജി. അരുണ്‍

Ads by Google
ജി. അരുണ്‍
ജി. അരുണ്‍
Sunday 22 Mar 2026 11.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google