തിരുവനന്തപുരം: സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. ഇതോടെ ഓരോ മണ്ഡലത്തിലെയും ചിത്രം ഏതാണ്ട് വ്യക്‌തമാകും.
ശനിയാഴ്‌ച വരെ സംസ്‌ഥാനത്താകെ 537 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇന്ന് പ്രമുഖ സ്‌ഥാനാര്‍ഥികളടക്കം കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിക്കാനെത്തും. സമര്‍പ്പിച്ച പത്രികകളുടെ സൂക്ഷ്‌മപരിശോധന നാളെ നടക്കും. നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്‌ചയാണ്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന അവസരം നാളെയാണ്.
തിരുവനന്തപുരം സെന്‍ട്രല്‍, മലപ്പുറം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ശനിയാഴ്‌ചയാണ് എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ബി.ജെ.പിയും മൂന്നാം സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടതോടെ സംസ്‌ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് കൂടുതല്‍ കനക്കുകയാണ്.
എല്‍.ഡി.എഫ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പര്യടനം ഇന്ന് പത്തനംതിട്ടയില്‍നിന്ന് ആരംഭിക്കും. ഏപ്രില്‍ മൂന്നുവരെ നീളുന്ന പര്യടനത്തില്‍ സംസ്‌ഥാനത്തെ 48 കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും.