തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുതിയ നീക്കങ്ങള്‍ സജീവമാകുന്നു. ഒരുകാലത്ത് 'വോട്ടുകച്ചവടം' എന്നും പിന്നീട് 'അഡ്‌ജസ്‌റ്റ്‌മന്റ് രാഷ്‌ട്രീയം' എന്നും വിളിക്കപ്പെട്ട രാഷ്‌ട്രീയ ഒത്തുകളി ആരോപണങ്ങള്‍ ഇപ്പോള്‍ 'ഡീല്‍' എന്ന പുതിയ കുപ്പായമിട്ട് തെരഞ്ഞെടുപ്പ് ഗോദയില്‍ നിറയുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ 'ഡീല്‍' വിവാദം ആരെ തുണയ്‌ക്കുമെന്നത് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന ചോദ്യമായി മാറിയിരിക്കുന്നു. ഈ വിവാദത്തിന് പിന്നില്‍ കൃത്യമായ ഒരു രാഷ്‌ട്രീയ തന്ത്രമുണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ, മുസ്‌ലിംക്രിസ്‌ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫ് പാളയത്തില്‍ ഉറപ്പിച്ചു നിര്‍ത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനാകില്ലെന്ന സന്ദേശം ഈ വോട്ടര്‍മാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസിനെ ബി.ജെ.പിയുടെ 'ബി ടീം' ആക്കി ചിത്രീകരിച്ച് തിരിച്ചുപിടിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.
പാലക്കാട് മണ്‌ഡലത്തിലെ സ്‌ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ 'ഡീല്‍' ആരോപണം ആദ്യമായി ഉന്നയിച്ചത്. യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ സി.പി.എം പാലക്കാട് ദുര്‍ബലനായ സ്‌ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും, പകരമായി പത്ത് സീറ്റുകളില്‍ ബി.ജെ.പി., സി.പി.എമ്മിനെ സഹായിക്കുമെന്നുമാണ് സതീശന്റെ പക്ഷം. കേരളത്തില്‍ ഇരട്ടച്ചങ്ക് കാണിക്കുന്ന മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ മോദിക്കും അമിത് ഷാക്കും മുന്നില്‍ 90 ഡിഗ്രിയില്‍ കുനിയുകയാണെന്ന സതീശന്റെ പരിഹാസം വലിയ ചര്‍ച്ചയായിട്ടുണ്ട്.
സതീശന്റെ ആരോപണങ്ങളെ അവജ്‌ഞയോടെ തള്ളിക്കളയുന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, നുണ പറയുന്നതില്‍ നൊബേല്‍ സമ്മാനം നല്‍കാന്‍ അര്‍ഹതയുള്ളയാളാണ് പ്രതിപക്ഷ നേതാവെന്ന് പരിഹസിച്ചു. യു.ഡി.എഫിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മറയ്‌ക്കാനാണ് ഇത്തരമൊരു പുകമറ സൃഷ്‌ടിക്കുന്നതെന്നാണ് സി.പി.എം നിലപാട്. ബി.ജെ.പിയും ഈ ആരോപണങ്ങള്‍ തള്ളിക്കളയുമ്പോള്‍, 'സിബി' (സി.പി.എം.- ബി.ജെ.പി) ഡീല്‍ എന്ന പ്രയോഗം അണികള്‍ക്കിടയില്‍ പടര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം.
പഴയ 'കോലീബി. സഖ്യം' എന്ന ആരോപണത്തിനു പകരമായി 'സിബി' ഡീല്‍ എന്ന ആരോപണം വോട്ടര്‍മാരെ എത്രത്തോളം സ്വാധീനിക്കുമെന്നു കണ്ടറിയണം. ഗുരുവായൂരിലെ വര്‍ഗീയ പരാമര്‍ശങ്ങള്‍ മുതല്‍ ജി. സുധാകരനെതിരേയുള്ള മുഖ്യമന്ത്രിയുടെ പ്രയോഗങ്ങള്‍ വരെ ഈ ചര്‍ച്ചകളുടെ ഭാഗമാകുന്നുണ്ട്. 'ഡീല്‍' യുദ്ധം നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണായുധമായി മാറുകായണ്.
എസ്. നാരായണന്‍