കൊച്ചി: ആക്‌ടിവിസ്‌റ്റ് സണ്ണി എം. കപിക്കാടിനെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ നിറഞ്ഞ ഫെയ്‌സ്‌ബുക്ക് കുറിപ്പ് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പിന്‍വലിച്ചു. വ്യാപക വിമര്‍ശനങ്ങളെ തുടര്‍ന്നാണിത്.
സംഘപരിവാറിന്റെ അതേ വാദങ്ങള്‍ തന്നെയാണു കോണ്‍ഗ്രസ് നേതാവ് ഉയര്‍ത്തുന്നതെന്നും വംശീയ വെറുപ്പിനെയാണ് അജയ് തറയില്‍ ഏറ്റുവിളിക്കുന്നതെന്നും പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു. എഴുത്തുകാരന്‍ കെ.കെ. ബാബുരാജ് അടക്കമുള്ളവര്‍ അജയ് തറയിലിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തുവന്നു.
സണ്ണി എം. കപിക്കാട് പണം നേടാനാണു വൈക്കത്ത് യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയാകാന്‍ ഇറങ്ങിത്തിരിച്ചതെന്നായിരുന്നു അജയ് തറയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സണ്ണി കപിക്കാട് ക്രിസ്‌ത്യന്‍ കുടുംബത്തില്‍ ജനിച്ചയാളാണെന്നും സംവരണ സീറ്റില്‍ എങ്ങനെ സ്‌ഥാനാര്‍ഥിയാകാന്‍ കഴിയുമെന്നും അജയ് തറയില്‍ ചോദിച്ചു. ജോലി കിട്ടുന്നതിനായി സണ്ണി ഹിന്ദുമതത്തില്‍ ചേര്‍ന്നെന്നും മറ്റൊരു ഘട്ടത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെ കോടാലിക്കൈയായി മാറിയെന്നുമെല്ലാമുള്ള വിദ്വേഷം നിറഞ്ഞ അധിക്ഷേപങ്ങളായിരുന്നു അജയ് തറയില്‍ നടത്തിയത്.
സമൂഹത്തിലെ പാര്‍ശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍ക്കൊള്ളുമെന്ന കോണ്‍ഗ്രസിന്റെ ഇന്‍ക്ലൂസീവ് പൊളിറ്റിക്‌സിന്റെ ഭാഗമായാണ് സണ്ണി എം കപിക്കാട്, സി.കെ. ജാനു എന്നിവരെ പരിഗണിക്കുന്നതെന്നായിരുന്നു ആദ്യ ഘട്ടങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. യു.ഡി.എഫ്. സമീപിച്ചതായി ഇരുവരും സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍, കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഇരുവരും പട്ടികയിലില്ല. വൈക്കത്ത് കെ. ബിനിമോനെയാണു സ്‌ഥാനാര്‍ഥിയാക്കിയത്. സി.കെ. ജാനുവിനും സീറ്റു നല്‍കിയില്ല. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.