വൈക്കം: വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം ഭക്‌തിയുടെ നിറവില്‍ ആഘോഷിച്ചു. മറവന്‍തുരുത്തിലെ ആറ്റുവേലക്കടവില്‍ നടന്ന പുറക്കളത്തില്‍ ഗുരുതിക്കുശേഷം ആറ്റുവേല ചാടിന്റെ മൂന്നാം നിലയിലേക്ക് ദേവിയെ എഴുന്നള്ളിച്ചു.
വടക്കുംകൂര്‍ രാജവംശത്തിന്റെ ദേവതയായ മീനമാസത്തിലെ അശ്വതി നാളില്‍ ഇളങ്കാവ് ഭഗവതിയെ കാണാന്‍ സഹോദരി കൊടുങ്ങല്ലൂര്‍ ഭഗവതി എഴുന്നള്ളുന്നുവെന്നാണ് വിശ്വാസം.
നിരവധി ഗരുഡന്‍തൂക്കം അകമ്പടിയായി. ഇരുകരയിലുമുള്ളവര്‍ നിറദീപം ഒരുക്കി വരവേറ്റു. പുലര്‍ച്ചെ ഇളങ്കാവിലെ കടവില്‍ ആറ്റുവേല ദര്‍ശനത്തിനെത്തിയ ശേഷം എതിരേറ്റ് ദേവിയെ പള്ളി സ്രാമ്പിലേക്ക് എഴുന്നള്ളിച്ചു.
ഇന്നു പുലര്‍ച്ചെ അഞ്ചിന് ഇളങ്കാവ് ക്ഷേത്രക്കടവില്‍ ആറ്റുവേല ദര്‍ശനം. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ദേവിയെ ക്ഷേത്രത്തിനു പുറത്ത് പ്രത്യേകം തയ്യാറാക്കിയ പള്ളി സ്രാമ്പിലക്ക് എഴുന്നള്ളിക്കും. അകമ്പടിയായി എത്തിയ ഗരുഡന്‍പറവകള്‍ ചൂണ്ട കുത്തി പള്ളി സ്രാമ്പിനു പ്രദക്ഷിണം വച്ച് അവസാനിപ്പിക്കും.
തുടര്‍ന്ന് പീലിത്തൂക്കം. രാത്രി 11 ന് വിവിധ ദേശങ്ങളില്‍നിന്നു വരുന്ന ഗരുഡന്‍പറവകളുടെ പയറ്റും ക്ഷേത്രാങ്കണത്തില്‍ നടക്കും. വെളിച്ചപ്പാടുകളായ അടിയം സോമന്‍, അരിശ്ശേരില്‍ സന്തോഷ്, ഗോപാലകൃഷ്‌ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസര്‍ ആര്‍ ദീപു, ഉപദേശക സമിതി ഭാരവാഹികളായ ആര്‍. പ്രദീപ് കുമാര്‍, സിജിഷ് സുരേന്ദ്രന്‍, 12 വീടന്മാരുടെ പ്രതിനിധി കെ.സി. അനിഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.