കൊച്ചി: സീറ്റ് നല്‍കില്ലെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിനു നേരത്തെ അറിയിക്കാമായിരുന്നുവെന്നും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നെന്നും മൂവാറ്റുപുഴയില്‍ സീറ്റു നിഷേധിക്കപ്പെട്ട എല്‍ദോസ് കുന്നപ്പിള്ളി. തനിക്കെതിരേയുള്ള കേസ് ചിലര്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ പെരുപ്പിച്ചുകാട്ടിയെന്നും അദ്ദേഹം.
സീറ്റ് വിഭജനത്തില്‍ ഇരട്ടത്താപ്പാണു നടന്നത്. എ.കെ. ആന്റണി നല്‍കിയ റിപ്പോര്‍ട്ട് പോലും പരിഗണിച്ചില്ല. പ്രശ്‌നങ്ങളുള്ള മറ്റുള്ളവര്‍ക്കും ഇടതുപക്ഷത്തുനിന്നു വന്നവര്‍ക്കും സീറ്റ് നല്‍കിയപ്പോള്‍ തന്നെ മാത്രം മാറ്റിനിര്‍ത്തി. അത് വലിയ വേദനയുണ്ടാക്കിയെന്നും കുന്നപ്പിള്ളി പറഞ്ഞു.
മണ്ഡലത്തില്‍ യു.ഡി.എഫ്. സ്‌ഥാനാര്‍ഥി മനോജ് മൂത്തേടന്‍ പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും എല്‍ദോസിന്റെ അതൃപ്‌തി വലിയ പ്രതിസന്ധിയാണു സൃഷ്‌ടിക്കുന്നത്. തന്നെ കാണാനെത്തിയ മൂത്തേടന് മുഖം കൊടുക്കാന്‍ എല്‍ദോസ് തയാറായില്ല. മനോജ് വീട്ടിലെത്തുന്നതിനു തൊട്ടുമുമ്പ് എല്‍ദോസ് അവിടെനിന്നു പോയി. ഫോണില്‍ വിളിച്ചിട്ടും ലഭ്യമായില്ല.
കടുത്ത അമര്‍ഷമുണ്ടെങ്കിലും വിമതനാകാനും സ്വതന്ത്രനാകാനും കുന്നപ്പിള്ളി പോകില്ലെന്ന് അടുപ്പക്കാര്‍ പറയുന്നു.