ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ സംവിധായകനായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അഖിൽ മാരാർ. ജോജു ജോര്‍ജ്, നിരരഞ്ജ്, ഷമ്മി തിലകന്‍ എന്നിവര്‍ പ്രധാന താരങ്ങളായ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും അഖില്‍ തന്നെയായിരുന്നു. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിലൂടെ പക്ഷേ അഖില്‍ ശ്രദ്ധിക്കപ്പെട്ടു. ലിഫ്റ്റ്, ബിസൈഡ്‌സ് എന്നിങ്ങനെ രണ്ട് ഷോര്‍ട്ട് ഫിലിമികളും സംവിധാനം ചെയ്ത അഖില്‍ ഒരു എഴുത്തുകാരന്‍ കൂടിയാണ്.
കുടുംബപ്രേക്ഷകര്‍ അഖിലിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ്. നെഗറ്റീവുകളോടെ ഷോയ്ക്കകത്ത് കയറിയ അഖില്‍, വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കി ഹേറ്റേഴ്സില്ലാതെ കപ്പ് നേടിയ ഒരു മത്സരാര്‍ത്ഥി കൂടിയായി മാറി. ശേഷം ‘മുള്ളൻ കൊല്ലി’ എന്ന സിനിമയിൽ നായകനായും അഖിൽ എത്തി. ഹൗസിന് പുറത്തെത്തിയ ശേഷം താരം പങ്കിട്ട ചില നിലപാടുകളും മുഖം നോക്കാതെയുള്ള അഭിപ്രായങ്ങളും അഖിലിന് ഒരുപാട് ഹേറ്റേഴ്സിനെ സൃഷ്ടിച്ചു.
സംവിധായകന്‍, അഭിനേതാവ്, എഴുത്തുകാരന്‍ എന്നതിലുപരി നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരാർത്ഥി കൂടിയാണ് അഖിൽ. ട്വിന്റി ട്വിന്റി സ്ഥാനാർത്ഥിയായി തൃക്കാക്കരയിലാണ് അഖിൽ മാരാർ ജനവിധി തേടുന്നത്.
ഇപ്പോഴിതാ തെരഞ്ഞെടുപ്പ് ആവേശങ്ങള്‍ തകര്‍ക്കുന്നതിനിടെ മോഹൻലാലിന് മെസേജ് അയച്ച കാര്യം പറയുകയാണ് അഖിൽ മാരാർ. മോഹന്‍ലാലിന് മെസേജ് അയച്ചുവെന്നും പ്രാര്‍ത്ഥന ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞുവെന്നുമാണ് അഖില്‍ മാരാര്‍ പറയുന്നത്. ഒപ്പം ബിഗ് ബോസ് 100 ദിവസം കണ്ടവര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് പറയാന്‍ കാരണമെന്തെന്നും താരം പറയുന്നു.
‘‘ലാലേട്ടന് മത്സരിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് മെസേജ് ഇട്ടിരുന്നു. ഒരിക്കല്‍ കൂടി ഹോസ്റ്റ് ചെയ്യാന്‍ ലാലേട്ടന്‍ ഇല്ലാത്തൊരു ഷോയിലേക്ക് പോവുകയാണെന്ന് പറഞ്ഞു. ആശംസയൊക്കെ ഇട്ടു. പ്രാര്‍ത്ഥന ഉണ്ടാകുമെന്ന് പറഞ്ഞു...
വാക്ക് പവര്‍ഫുള്ളാകുന്നത് ആ വാക്കിന് സത്യമുള്ളത് കൊണ്ടാണ്. ആ വാക്ക് കള്ളത്തരം ആണെങ്കില്‍ ആളുകള്‍ നമ്മളെ തെറിവിളിക്കും. ഉള്ളില്‍ തട്ടിയും ആത്മാര്‍ത്ഥമായും പറയുന്ന വാക്കുകളായത് കൊണ്ട് അവയ്ക്ക് സ്വീകാര്യത ലഭിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ചാനലില്‍ ചോദിച്ചപ്പോള്‍ മറ്റൊരു രീതിയില്‍ പറഞ്ഞതിനെ അവര്‍ കാര്‍ഡ് അടിച്ചിറക്കിയതും കുറച്ച് പേര്‍ ട്രോളാന്‍ വേണ്ടിയും ഉപയോഗിച്ചൊരു കാര്യമാണ് ബിഗ് ബോസ് കണ്ടവര്‍ വോട്ട് ചെയ്യുമെന്നത്. ബിഗ് ബോസ് കണ്ടവര്‍ വോട്ട് ചെയ്യും എന്ന അര്‍ത്ഥത്തിലല്ല ഞാനത് പറഞ്ഞത്. ഒരു സ്ഥാനാര്‍ത്ഥി മണ്ഡലത്തിലേക്ക് വരുമ്പോള്‍ ഇതാരാണ് ഈ കക്ഷി എന്ന് ചിന്തിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്.
ഇയാള് ആരാണെന്ന് അറിയാൻ ബിഗ് ബോസ് എനിക്ക് ഗുണം ചെയ്യും. ഷോ കണ്ടവർക്ക് അഖിലിന്റെ സ്വഭാവം അറിയാം. ശരികൾക്ക് വേണ്ടി സംസാരിച്ചിട്ടുള്ള, വീഴാതെ പിടിച്ചു നിന്ന, പോരാടി വിജയിച്ച എന്നെ അറിയാം. സമൂഹത്തിന് ഞാൻ പ്രയോജനപ്പെടുന്നുണ്ടോന്ന് നോക്കാൻ കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തെ എന്റെ ജീവിതം മാത്രം നോക്കിയാൽ മതി. കേവലം ബിഗ് ബോസ് വച്ച് എന്നെ ആരും വിലയിരുത്താൻ നോക്കരുത്...’’ അഖില്‍ മാരാര്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിനോടാണ് അഖിലിന്റെ പ്രതികരണം.