മലയാള സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഓമന ഔസേപ്പ്. ചെങ്കോൽ, അഗ്നിസാക്ഷി, വെറുതെ അല്ല ഭാര്യ തുടങ്ങി ഒട്ടനവധി സിനിമകളിൽ അമ്മവേഷങ്ങളിൽ എത്തി പ്രേക്ഷകമനസ്സ് കീഴടക്കിയിട്ടുണ്ട് ഓമന. താരത്തിന്റെ അമ്മ കഥാപാത്രങ്ങൾക്കു പലപ്പോഴും ഒരു സങ്കടമുഖമായിരുന്നു. ദൂരദർശൻ കാലം മുതൽ സീരിയലുകളും സജീവമായിരുന്ന ഓമനയ്ക്ക്, പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രങ്ങള്‍ കിട്ടിയത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത ‘നിലവിളക്ക്’ എന്ന സീരിയലില്‍ മാത്രം മതി ഇന്നും ഓമാനയെ പ്രേക്ഷകര്‍ ഓര്‍ത്തു വയ്ക്കാന്‍.
കഴിഞ്ഞ 36 വർഷങ്ങളായി അഭിനയരംഗത്തുള്ള ഓമന തന്റെ കരിയറില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ നല്‍കി സിനിമ-സീരിയല്‍ നിറസാന്നിധ്യമാണ്. സ്വകാര്യ ജീവിതത്തിലെ സങ്കടങ്ങൾ മറക്കാനുള്ള മരുന്നു കൂടിയായിരുന്നു ഓമനയ്ക്ക് അഭിനയം. നിലവില്‍ സീരിയലുകളില്‍ സജീവമായ താരത്തിന്റെ ജീവിതത്തിലെ നൊമ്പരക്കടലാണ് 48 വയസ്സുള്ള മകന്‍. കുട്ടിയായിരുന്നപ്പോള്‍ മകന് പനിയും കാലിന് നീരും വന്നപ്പോള്‍ മകനെ ചികിത്സിച്ച ഒരു പ്രശസ്ത ഡോക്ടർക്ക് പറ്റിയ പിഴവാണ് ഇന്നത്തെ സാഹചര്യത്തിന് കാരണമെന്ന് താരം പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മകനെക്കുറിച്ചും ആ നൊമ്പരത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ഓമന ഔസേപ്പ്. പ്രശസ്തനായ ഡോക്ടര്‍ക്ക് പറ്റിയ കൈപ്പിഴയാണ് മോന്റെ അവസ്ഥയ്ക്ക് കാരണമെന്നും ഓരോരുത്തർ പറയുന്നത് കേട്ട് പലയിടത്തും താന്‍ ചികിത്സയ്ക്കായി കൊണ്ടുപോയെന്നും 48 വയസ്സുള്ള മകന്‍, ഇക്കഴിഞ്ഞ 38 വര്‍ഷമായിട്ടും വേദന സഹിക്കുകയാണെന്നും താരം പറയുന്നു.
‘‘ഞാനങ്ങനെ ആരോടും കൂടുതലൊന്നും സംസാരിക്കാൻ നിൽക്കില്ല. വേറൊന്നും കൊണ്ടല്ല. മനസിന്റെ പ്രയാസമാണ്. മോന്റെ കാര്യത്തില്‍ എനിക്ക് ഭയങ്കര വിഷമമാണ്. 10 വയസുള്ളപ്പോഴാണ് അവന് അസുഖം തുടങ്ങുന്നത്. അതൊരു പ്രശസ്തനായ ഡോക്ടര്‍ക്ക് പറ്റിയ കൈപ്പിഴയാണ്. ആ കാലഘട്ടത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. ഈ ഒരു കാര്യവും പറഞ്ഞ് കേസിന് പോയിട്ടും കാര്യമില്ല. സര്‍ക്കാരിന്റെ കൈയില്‍ നിന്നും ഒന്നും കിട്ടില്ല. കേസിന് നടക്കാന്‍ ആള് വേണം പൈസ വേണം. അന്ന് നമുക്ക് ആളുമില്ല പൈസയുമില്ല.
ആശുപത്രിയിലുള്ളവരൊക്കെ പറഞ്ഞു കേസ് കൊടുക്കാന്‍. ‘കേസ് കൊടുക്ക് മോളേ, എന്ത് നോക്കിയിട്ടാ അയാൾ മൂന്നര വർഷം ഈ കുട്ടിയെ ചെയ്തത്’ എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. ഞാന്‍ പറഞ്ഞു കേസൊക്കെ തമ്പുരാന്‍ നടത്തട്ടെ. എനിക്ക് കേസിന് പോകാന്‍ പറ്റില്ല. ഓരോരുത്തർ പറയുന്നിടത്തൊക്കെ മോനെ ഞാന്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. കാണിച്ചു. എന്തായാലും ഇപ്പോഴവന് 48 വയസ് കഴിഞ്ഞു. ഈ 38 വര്‍ഷവും എന്റെ മകന്‍ വേദനയിലാണ്. അത് ആലോചിക്കുമ്പോൾ എനിക്ക് ഒത്തിരി ഹാപ്പിയായി എല്ലാവരോടും കയറി ചെന്ന് സംസാരിക്കാനാകില്ല. പക്ഷേ ഓരോരുത്തരുടെ ദുഃഖമല്ലേ. എന്നാലും എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കും. മകനാണ് ഷൂട്ടിന് എന്നെ ഡ്രെെവ് ചെയ്ത് കൊണ്ട് പോകാറ്. എത്ര വേദനയും വയ്യായ്കയും ഉണ്ടെങ്കിലും അവൻ നോ പറയില്ല.
ഒരു ദിവസം അവന്‍ പറഞ്ഞു മമ്മി എനിക്ക് പുറത്തൊരു വേദനയെന്ന്. പിന്നെ നോക്കാം എന്ന് പറഞ്ഞു. പക്ഷേ രാത്രി ആയപ്പോള്‍ വേദന അസഹനീയമായി. അങ്ങനെ ആശുപത്രിയില്‍ എത്തി എംആര്‍എ എടുക്കാന്‍ പറഞ്ഞു. നട്ടെല്ലിന്റെ മുകളിലത്തെ എല്ല് ബ്രേക്കായതാണ്. ഇപ്പോഴും അതങ്ങനെ തന്നെയുണ്ട്...’’ ഓമന ഔസേപ്പ് പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
മുന്‍പ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഓമന പറഞ്ഞത്, ‘‘മകൻ ജുബിന് 10 വയസ്സു വരെ ഒരു കുഴപ്പവുമില്ലായിരുന്നു. സാധാരണ കുട്ടികളെപ്പോലെ ഓടി നടന്നിരുന്ന മോനായിരുന്നു. പത്തു വയസ്സുള്ളപ്പോൾ ഒരു പനി വന്നു. കാലിന്റെ കണ്ണിയിൽ നീരുണ്ടായിരുന്നു. ആ സമയത്താണ് എന്റെ അമ്മ മരിക്കുന്നത്. ആ ചടങ്ങുകൾ കഴിഞ്ഞാണ് ഞാൻ മകനെ ഡോക്ടറെ കാണിക്കുന്നത്. അന്ന് ഞങ്ങൾ തൃശൂരാണ് താമസം. അവിടെ പ്രശസ്തമായ ഒരു ആശുപത്രിയിലാണ് അവനെ കാണിച്ചത്. ഡോക്ടർ ഉടനെ അവനെ അഡ്മിറ്റ് ചെയ്തു. പിന്നീടങ്ങോട്ട് നീണ്ട ആശുപത്രിമായിരുന്നു. മാസത്തിൽ പത്തും പതിനഞ്ചും ദിവസം ആശുപത്രിയിലാകും.
മൂന്നരവർഷം അയാളുടെ ട്രീറ്റ്മെന്റിലായിരുന്നു. അദ്ദേഹം വളരെ പേരെടുത്ത ഡോക്ടറാണ്. പക്ഷേ, ചില അബദ്ധങ്ങൾ അദ്ദേഹത്തിനും പറ്റിയിട്ടുണ്ടെന്ന് ഞങ്ങൾ അറിഞ്ഞപ്പോൾ വൈകിപ്പോയി. മൂന്നു നാലു കേസുകൾ ഇങ്ങനെ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ പോലെ സെക്കൻഡ് ഒപ്പീനിയൻ എടുക്കുന്ന പരിപാടിയൊന്നും അന്നില്ലല്ലോ. പിന്നെ, അത്രയൊക്കെയേ എനിക്കും അന്ന് അറിവുള്ളൂ. ആ മനുഷ്യനായിട്ട് എന്റെ മകന്റെ ഭാവി കളഞ്ഞു. അത് എന്നുമൊരു തീരാദുഃഖമാണ്. മറ്റുള്ളവർക്കു തന്നെ അവന്റെ മുഖത്തു നോക്കുമ്പോൾ വലിയ വിഷമമാണ്. ഞാനൊരു അമ്മയല്ലേ?...’’ എന്നാണ്.