Sunday, March 15, 2026 Last Updated 18 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Mar 2026 08.49 AM

പിണറായി ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി ; ബിജെപി വന്നത് കേരളം പിടിക്കാനെന്ന് രാജീവ് ചന്ദ്രശേഖര്‍

uploads/news/2026/03/829952/rajeev-chandra-sekharan.jpg

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകളെ വികസനത്തിലേക്ക് മാറ്റുന്നതില്‍ ബിജെപി വിജയിച്ചെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ബിജെപിയും എന്‍ഡിഎയും വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ എന്‍ഡിടിവിയുടെ 'കേരളം പവര്‍ പ്ലേ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി താന്‍ ചുമതലയേറ്റ ശേഷം പതിറ്റാണ്ടുകളായി യുഡിഎഫും എല്‍ഡിഎഫും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച പരമ്പരാഗത രാഷ്ട്രീയ ഭൂപ്രകൃതിയെയും വിവരണങ്ങളെയും മാറ്റാന്‍ ഞങ്ങള്‍ക്ക് കാര്യമായ കഴിഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. വികസനത്തെക്കുറിച്ച് യുക്തിസഹമായ ഒരു രാഷ്ട്രീയ ചര്‍ച്ച സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ ആ പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞതായും പറഞ്ഞു.

ബിജെപിയെ മതേതര വിരുദ്ധ ശക്തിയായി ചിത്രീകരിച്ച് ഒരു കോണിലേക്ക് ഒതുക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ആ റെക്കോര്‍ഡ് തിരുത്താന്‍ കഴിഞ്ഞു. കേരളത്തില്‍ മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ശക്തമായ പോരാട്ടത്തില്‍ ബിജെപിയെ ഒരു ചെറിയ ശക്തിയായാണ് പൊതുവെ വിലയിരുത്തിയിരുന്നത്. ഇപ്പോള്‍ അത് മാറിയെന്നും പറഞ്ഞു.

ബാക്കി രാജ്യം ആസ്വദിക്കുന്ന കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് മികച്ച നൈപുണ്യവും വിദ്യാഭ്യാസവും ലഭിക്കണമെന്നും, സാമ്പത്തിക അവസരങ്ങള്‍ക്കായി സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ടി വരാത്ത സാഹചര്യം വേണമെന്നും അവര്‍ ആഗ്രഹിക്കുന്നു. ജനങ്ങള്‍ക്ക് സുരക്ഷ വേണം. ജമാഅത്തെ ഇസ്ലാമി കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഘടന നിര്‍ണ്ണയിക്കുന്നത് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.

ഭരണപക്ഷമായ ഇടതുപക്ഷം ഒരു കണ്ണാടി നോക്കി കഴിഞ്ഞ 10 വര്‍ഷം അവര്‍ എന്ത് ചെയ്തു എന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തിന്റെ തീവണ്ടിയില്‍ കയറാന്‍ കേരളത്തിലെ ജനങ്ങള്‍ തിരക്ക് കൂട്ടുകയാണെന്നും വര്‍ഗീയതയില്‍ നിന്ന് ഞാന്‍ നിങ്ങളെ സംരക്ഷിക്കും എന്ന തരത്തിലുള്ള സാങ്കല്‍പ്പിക വാദങ്ങളുടെ കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും ഒരേ ശരീരത്തിലെ രണ്ട് തലകള്‍ പോലെയാണ്. 27 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും അവര്‍ ഔദ്യോഗിക സഖ്യത്തിലാണ്. കേരളത്തില്‍ മാത്രമാണ് അവര്‍ ഈ നാടകം കളിക്കുന്നത്. 3.5 കോടി മലയാളിക്ക് ഇത് പെട്ടെന്ന് മനസ്സിലാകുമോ? ഇല്ലായിരിക്കാം, പക്ഷേ ഈ സന്ദേശം ഓരോ വീട്ടിലും തങ്ങള്‍ എത്തിക്കുമെന്നും പറഞ്ഞു.

ഇടതുപക്ഷവും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന കോണ്‍ഗ്രസ് ആരോപണത്തെ അദ്ദേഹം തള്ളി. ഇത് രാഹുല്‍ ഗാന്ധിയുടെ ഫാക്ടറിയില്‍ നിര്‍മ്മിച്ച നുണയാണെന്നും മറ്റ് ആശയങ്ങള്‍ ഇല്ലാതാകുമ്പോള്‍ കെട്ടിച്ചമച്ച നുണകള്‍ പ്രചരിപ്പിക്കുന്നത് 2014 മുതല്‍ കാണുന്ന സ്ഥിരം തന്ത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിമാരില്‍ ഒരാളാണെന്നും രാഷ്ട്രീയ മര്യാദ കാണിക്കുന്നതിന്റെ ഭാഗമാണ് മോദിജി അദ്ദേഹത്തെ സഹായിക്കുന്നതെന്നും അത് രാഷ്ട്രീയത്തിലെ അടിസ്ഥാനപരമായ മാന്യതയുടെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഒരു സീറ്റിലോ രണ്ട് സീറ്റിലോ ജയിക്കാനല്ല മത്സരിക്കുന്നതെന്നും 2026-ന് ശേഷമുള്ള കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കാനാണെന്നും പറഞ്ഞു. ബിജെ പി-എന്‍ഡിഎ സഖ്യത്തിന് കേരളത്തില്‍ ഒരിക്കലും ജയിക്കാനാവില്ല എന്ന മിഥ്യാധാരണ തകര്‍ത്തു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി, ബിജെ പി അങ്ങേയറ്റം മത്സരക്ഷമതയുള്ള ഒരു മുന്നണിയായി മാറിയിരിക്കുന്നതായും പറഞ്ഞു. തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പിലെ വിജയം ചൂണ്ടി ക്കാട്ടി, എന്‍ഡിഎയ്ക്ക് ജയിക്കാനാകുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Ads by Google
Friday 13 Mar 2026 08.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google