കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച നിലപാടുമായി കെ. സുധാകരന്‍ എം.പി. അനുനയ നീക്കത്തിന്റെ ഭാഗമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുധാകരനെ ഫോണില്‍ വിളിച്ച് സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലേക്ക് വരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും, സീറ്റ് ഉറപ്പാണെങ്കില്‍ മാത്രം വരാം എന്ന ഉറച്ച നിലപാടിലാണ് സുധാകരന്‍.
അതേസമയം, ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനിക്കുന്നവരാണ് മത്സരിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് ഉറപ്പ് കൊടുക്കാന്‍ കഴിയുന്ന വലിയ നേതാവല്ല താനെന്നും, ആര്‍ക്കും അത്തരത്തില്‍ വാക്ക് നല്‍കിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍, തനിക്ക് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണയുണ്ടെന്ന ബോധ്യത്തിലാണ് സുധാകരന്‍. നിലവില്‍ കണ്ണൂരിലെ വീട്ടിലുള്ള സുധാകരനെ കാണാന്‍ വിവിധ ജില്ലകളില്‍ നിന്നുള്ള അനുയായികള്‍ അവിടെ തമ്പടിച്ചിരിക്കുകയാണ്. പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് തെരുവിലിറക്കരുതെന്ന് ചെന്നിത്തല സുധാകരനോട് ആവശ്യപ്പെട്ടതായാണ് വിവരം.
സുധാകരനെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ ഫ്‌ലെക്‌സുകളും പോസ്റ്ററുകളും ഉയരുന്നുണ്ട്. വി.ഡി. സതീശന്റെ ഓഫീസിന് സമീപവും ഇടപ്പള്ളി, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും സുധാകരനെ അനുകൂലിച്ച് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധി സുധാകരന് നല്‍കിയ ഉറപ്പ് പാലിക്കണമെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. 'Rahul Ji, I want to contest on the upcoming kerala election.' 'Of course, brother. You have my full support-go ahead.' എന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയതായാണ് പോസ്റ്ററുകളില്‍ പറയുന്നത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ഈ വാക്ക് മതി, അത് ധര്‍മടത്തോ, മട്ടന്നൂരോ കേരളത്തില്‍ 140 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ കെ സുധാകരന്റെ ചങ്കുറപ്പ്. അതാണ് 110% എന്നും ഉറപ്പ് എന്നും ഉറക്കെ പറഞ്ഞത്. ബോധ്യങ്ങളില്‍ നിന്നാണ് വാക്കുകള്‍ പുറത്തേക്ക് വരുന്നത്. രാഹുല്‍ ഗാന്ധിയുടെ ഉറപ്പ് കെ സുധാകരന്‍ നെഞ്ചിലേറ്റിയത് പോലെ തന്നെ കേരളത്തിലെ കോണ്‍ഗ്രസുകാരും കെഎസിനെ നെഞ്ചിലേറ്റിക്കഴിഞ്ഞു'; എന്നും പോസ്റ്ററിലുണ്ട്.