കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. എട്ട് പേരെയാണ് പോലീസ് പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു. കൊലപാതകം നടന്ന് വെറും 12 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്. കോട്ടയത്തുനിന്ന് കസ്റ്റഡിയില്‍ എടുത്ത നാല് പ്രതികളെ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും സഹായികളുമാണ് പിടിയിലായത്. ആക്രമണത്തിനായി പ്രതികള്‍ എത്തിയ സ്വിഫ്റ്റ് കാറും പിടികൂടിയിട്ടുണ്ട്.
തഴവ കടത്തൂര്‍ സ്വദേശി നൗഫല്‍, ചവറ തെക്കുംഭാഗം സ്വദേശി ഷിനു പീറ്റര്‍ എന്നിവരും മറ്റ് ആറ് പേരുമാണ് പിടിയിലായത്. ഇവരുടെ വിവരം പുറത്തുവിട്ടിട്ടില്ല. ജിം സന്തോഷ് കൊലക്കേസ് പ്രതിയായ അലുവ അതുല്‍ ജയില്‍ മോചിതനായതിന് പിന്നാലെ കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പുവെച്ച് തിരിച്ചു വരുന്നതിനിടെയാണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ പരിധിയിലാണ് അരുംകൊല നടന്നത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് അലുവ അതുലിന്റെ മരണകാരണം. ശരീരത്തിലും നിരവധി വെട്ടേറ്റിട്ടുണ്ട്. ജിം സന്തോഷ് കൊലക്കേസുമായി ബന്ധപ്പെട്ട ഗുണ്ടാപകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
ഇന്നോവ കാറിലാണ് നാലംഗ അക്രമി സംഘം എത്തിയത്. ഇവര്‍ അതുല്‍ സഞ്ചരിച്ച കാറിനെ പിന്തുടരുകയും കരുനാഗപ്പള്ളിയില്‍ ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് കാര്‍ ഇടിച്ചിടുകയായിരുമായിരുന്നു. ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് അക്രമിച്ചു. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് അരുംകൊല നടത്തിയത്.
അതേസമയം, അലുവ അതുലിന്റെ കൊലപാതകത്തിലുണ്ടായത് പോലീസിന് ഗുരുതര വീഴ്ചയാണ്. അലുവ അതുലിനെ ആക്രമിക്കുമെന്ന് മുന്‍കൂട്ടി ഇന്റലിജന്‍സ് വിവരം ലഭിച്ചിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഒരാഴ്ച മുന്‍പാണ് ജാമ്യത്തിലിറങ്ങിയാല്‍ അലുവ അതുലിനെ കടത്തൂര്‍ ടീം ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ഇരു സംഘങ്ങളും തമ്മില്‍ തുടര്‍ച്ചയായി സംഘര്‍ഷം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ കരുനാഗപ്പള്ളി പോലീസ് ഈ നിര്‍ദേശം അവഗണിക്കുകയായിരുന്നു.