ന്യൂഡല്‍ഹി: പാചകവാതകപ്രതിസന്ധി രൂക്ഷമായി ഹോട്ടലുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ച് സാഹചര്യത്തില്‍ ബദല്‍ മാര്‍ഗ്ഗവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് അധിക മണ്ണെണ്ണ അനുവദിച്ചെന്നും പാചകവാതക ഉല്‍പ്പാദനം 28 ശതമാനം കൂട്ടിയെന്നും കേന്ദ്ര പെട്രോളിയം മന്ത്രി. അതിനിടയില്‍ എല്‍പിജി പ്രതിസന്ധി ഇന്ന് ശക്തമായി പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുകയാണ്.
പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ധന-പാചകവാതക വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 40,000 കിലോലിറ്റര്‍ അധിക മണ്ണെണ്ണ നല്‍കാനാണ് കേന്ദ്ര തീരുമാനം. സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാനും തീരുമാനിച്ചിരിക്കുകയാണ്.
പ്രതിസന്ധി കണക്കിലെടുത്ത് ഗ്യാസ് ബുക്കിങ് ഇടവേളകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രാമപ്രേദശത്ത് സിലിണ്ടര്‍ ബുക്കിങ്ങിനായി 45 ദിവസത്തെ ഇടവേള വെച്ചിട്ടുണ്ട്. ഒന്നര മാസത്തിന് ശേഷമായിരിക്കും പുതിയ ബുക്കിംഗ് അനുവദിക്കുക. നഗരപ്രദേശങ്ങളില്‍ നിലവിലുള്ള 25 ദിവസത്തെ ഇടവേള മാറ്റമില്ലാതെ തുടരും. ഇന്നലെ അര്‍ധരാത്രി മുതല്‍ ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു.
അതേസമയം, രാജ്യത്തെ ഒരു ലക്ഷത്തോളം വരുന്ന പെട്രോള്‍ പമ്പുകളില്‍ ഇന്ധനക്ഷാമം ഉണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞത് രാജ്യത്ത് ഉടനീളമുള്ള ഹോട്ടല്‍ വ്യവസായത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. സിലിണ്ടറുകള്‍ കിട്ടാതായതോടെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം ഏകദേശം 20 ശതമാനം ഹോട്ടലുകള്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട്.