ആലപ്പുഴ: പാര്‍ട്ടിഅംഗത്വം പുതുക്കാതെ നിലപാട് എടുത്ത മൂന്‍ മന്ത്രിയും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി. സുധാകരനെ കാണാന്‍ മുഖ്യമന്ത്രി എത്തിയില്ല. പെരുമ്പളം പാലം ഉദ്ഘാടനവും ചങ്ങനാശ്ശേരി എ.സി. റോഡിന്റെ ഉദ്ഘാടനവും ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ക്കായി ആലപ്പുഴയില്‍ എത്തിയ മുഖ്യമന്ത്രി ജി സുധാകരന്റെ വീട്ടില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല.
സുധാകരന്റെ വീടിനടുത്തുള്ള മങ്കൊമ്പിലെ എസി റോഡ് ഉദ്ഘാടനച്ചടങ്ങു കഴിഞ്ഞ് മുഖ്യമന്ത്രി പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന സ്ഥലത്തേക്ക് പോവുകയായിരുന്നു. നേരത്തേ പെരുമ്പളം പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് സുധാകരനെ ഔദ്യോഗികമായി ക്ഷണിക്കുകയും നോട്ടീസില്‍ പേരും ചിത്രവും ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും സുധാകരന്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുകയൂം ചെയ്തു. ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് കായലിന് കുറുകെ നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയത്.
ജി സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കാത്തതിന് ആരോഗ്യകാരണമാണ് ന്യായീകരണം. ഇന്ന് രാവിലെ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ ലൈവ് സുധാകരന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിരുന്നു. ഈ ലൈവ് പിന്നീട് ഫേസ്ബുക്കില്‍ നിന്നും നീക്കംചെയ്തു. ഇത് സുധാകരന്റെ അറിവോടെയായിരുന്നില്ല എന്നാണ് വിവരം. അനുമതിയില്ലാതെ അഡ്മിനാണ് ലൈവിട്ടതെന്നാണ് ജി.സുധാകരന്റെ വിശദീകരണം.