താന്‍ ഏര്‍പ്പെടുത്തിയ വികസന സംവിധാനങ്ങളെ പരിശോധന നടത്താനോ ഉപയോഗിച്ച് നോക്കാനോ തയ്യാറാകാത്ത ഭരണാധികാരികളെയാണ് സാധാരണയായി ലോകത്ത് കാണാറ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി തിരക്കേറിയ ട്രാമില്‍ നാട്ടുകാര്‍ക്കൊപ്പം സവാരി നടത്തി നാട്ടുകാരെ വിസ്മയിപ്പിച്ച് യു.എ.ഇ.യുടെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
സ്‌റ്റേഷനില്‍ കാത്തുനിന്നായിരുന്നു മക്തൂം ട്രാമില്‍ കയറിയത്. സഹയാത്രികര്‍ക്കൊപ്പം ട്രാമില്‍ കയറാന്‍ വേണ്ടി അദ്ദേഹം സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നതും വീഡിയോയിലുണ്ട്. ക്ലിപ്പ് ആദ്യം ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യുകയും പിന്നീട് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഇന്‍സ്റ്റാഗ്രാമില്‍ റീപോസ്റ്റ് ചെയ്യുകയും ചെയ്തു.
ദുബായ് ഷെയ്ഖ് ട്രാമില്‍ കയറി തന്റെ സാന്നിധ്യത്തെക്കുറിച്ച് ബഹളമുണ്ടാക്കാതെ യാത്ര ചെയ്യുന്നതിന്റെ ദൃശ്യം ദുബായ് നിവാസിയാണ് ചിത്രീകരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് സൂചന. മറ്റൊരു വീഡിയോയില്‍ അദ്ദേഹം മറ്റ് യാത്രക്കാര്‍ക്കൊപ്പം വാതിലിനടുത്തുള്ള മൂലയില്‍ നിസ്സംഗനായി നില്‍ക്കുന്നതായി കാണിക്കുന്നു. ദുബായിലെ പൊതുഗതാഗതത്തിന്റെ വികസനവും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഷെയ്ഖ് മുഹമ്മദിന്റെ ട്രാം യാത്ര.
പൊതുഗതാഗത സംവിധാനങ്ങളില്‍ ഷെയ്ഖ് മുഹമ്മദിനെ പലപ്പോഴും കണ്ടിട്ടുണ്ട്. ദുബായിലെ ആകാശത്തോളം ഉയരമുള്ള കെട്ടിടങ്ങളും മനോഹരമായ കാഴ്ചകളും ആസ്വദിച്ച് അദ്ദേഹം നില്‍ക്കുന്നതിന്റെ ചിത്രങ്ങളും മുമ്പ് വന്നിരുന്നു. 2023-ല്‍, ദുബായ് മാള്‍ സ്റ്റേഷന് സമീപം, പരിവാരങ്ങളോടൊപ്പം അദ്ദേഹം ദുബായ് മെട്രോ ട്രെയിനിന്റെ സ്വര്‍ണ്ണ ക്യാബിനില്‍ കയറിയിരുന്നു. 2014 ലാണ് ദുബായ് ട്രാം തുടങ്ങിയത്. ഇതുവരെ 60 ദശലക്ഷത്തിലധികം പേര്‍ യാത്ര ചെയ്തു കഴിഞ്ഞു. അല്‍ സുഫൂഹ് സ്റ്റേഷനില്‍ നിന്ന് ജുമൈറ ലേക്സ് ടവേഴ്സ് സ്റ്റേഷനിലേക്ക് 42 മിനിറ്റിനുള്ളില്‍ ഇത് സഞ്ചരിക്കുന്നു. പാം ജുമൈറ, ദുബായ് നോളജ് വില്ലേജ്, ദുബായ് മീഡിയ സിറ്റി, ജുമൈറ ബീച്ച് റെസിഡന്‍സ് (ജെബിആര്‍), ദുബായ് മറീന തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അല്‍ സുഫൂഹ് റോഡിലെ 11 സ്റ്റേഷനുകള്‍ ട്രാം ഉള്‍ക്കൊള്ളുന്നു.
ദുബൈയുടെ നിലവിലെ ഭരണാധികാരിയാണ് ഷെയ്ഖ് മുഹമ്മദ്. 2006-ല്‍ മരണമടഞ്ഞ സഹോദരന്‍ മക്തൂം ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പിന്‍ഗാമിയായിട്ടാണ് അദ്ദേഹം കടന്നുവന്നത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം സൈനിക പരിശീലനം നേടി, 20-ആം വയസ്സില്‍ ദുബായിലേക്ക് മടങ്ങി. പിതാവ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂം അദ്ദേഹത്തെ ദുബായ് പോലീസ് സേനയുടെയും ദുബായ് പ്രതിരോധ സേനയുടെയും തലവനായി നിയമിച്ചു. ഇറ്റലിയില്‍ പൈലറ്റായുള്ള പരിശീലനവും അദ്ദേഹം നേടിയിട്ടുണ്ട്.