ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ മിര്‍സാപുര്‍ റെയില്‍വേ സ്റ്റേഷനില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ച് കന്‍വാര്‍ തീര്‍ഥാടകര്‍. ട്രെയിന്‍ ടിക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ജവാനും തീര്‍ഥാടകരും തമ്മില്‍ തര്‍ക്കമുണ്ടായത്. പിന്നാലെ തീര്‍ഥാടകര്‍ സംഘം ചേര്‍ന്ന് ജവാനെ മര്‍ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് കന്‍വാര്‍ തീര്‍ഥാടകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ബ്രഹ്‌മപുത്ര എക്‌സ്പ്രസില്‍, ജോലിസ്ഥലമായ മണിപ്പുറിലേക്ക് പോകാന്‍ എത്തിയതായിരുന്നു ജവാന്‍. ഇതേ ട്രെയിനില്‍ ഝാര്‍ഖണ്ഡിലെ ബൈദ്യനാഥ് ധാമിലേക്ക് പോകാനെത്തിയതായിരുന്നു കന്‍വാര്‍ തീര്‍ഥാടകര്‍. ടിക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു ജവാനും തീര്‍ഥാടകരും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടർന്ന് തീർഥാടകർ കൂട്ടംചേർന്ന് ജവാനെ ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്റ്റേഷനിലെ ജിആര്‍പി (ഗവണ്‍മെന്റ് റെയില്‍വേ പോലീസ്) ജവാന്‍മാരെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഭാരതീയ ന്യായ് സംഹിത, റെയില്‍വേ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് തീര്‍ഥാടകരെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍വിട്ടു.
അതിനിടെ, കന്‍വാര്‍ തീര്‍ഥാടകര്‍ ദണ്ഡുകളും ത്രിശൂലങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കൊണ്ടുനടക്കുന്നത് വിലക്കിക്കൊണ്ട് ഉത്തര്‍ പ്രദേശ് പോലീസ് നിർദേശം പുറപ്പെടുവിച്ചതായും റിപ്പോർട്ടുണ്ട്. അക്രമങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് സൂചന. തീര്‍ഥാടനപാത കടന്നുപോകുന്ന പ്രധാന ജില്ലകളായ മീററ്റ്, മുസാഫര്‍പുര്‍, ഷമ്‌ലി, സഹരണ്‍പുര്‍, ബുലന്ദ്ശഹര്‍, ഹപുര്‍, ബാഘ്പത് ജില്ലകളിലാണ് നിയന്ത്രണം. സൈലന്‍സറുകളില്ലാത്ത ബൈക്കുകള്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ട്. ശബ്ദമലിനീകരണവും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ശല്യവും കുറയ്ക്കാനാണിത്.