ആലപ്പുഴ: 'പത്ത് മാസം ചുമന്ന് നൊന്ത് പ്രസവിച്ചതാ നിന്നെ'... അമ്മമാരില്‍ നിന്ന് ഒരിക്കലെങ്കിലും ഈ വാചകം കേള്‍ക്കാത്തവര്‍ കുറവാണ്. എന്നാല്‍, ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ എത്തുന്ന ഗര്‍ഭിണികള്‍ക്ക് ഇപ്പോള്‍ നൊന്ത് പ്രസവിക്കേണ്ടതില്ല. ആശുപത്രിയില്‍ പുതുതായി ഒരുക്കിയ വേദനരഹിത സുഖപ്രസവ സംവിധാനത്തിലൂടെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 25 സ്ത്രീകള്‍ക്കാണ് വേദനയില്ലാതെ പ്രസവം സാധ്യമായത്.
അനസ്‌തേഷ്യ വിദഗ്ധന്റെ സഹായത്തോടെ എപ്പിഡ്യൂറല്‍ അനാല്‍ജീസ്യ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വേദനരഹിത പ്രസവം സാധ്യമാക്കുന്നത്. നട്ടെല്ലിലൂടെ വളരെ നേര്‍ത്ത സൂചികൊണ്ട് മരുന്ന് കുത്തിവച്ച് ഗര്‍ഭിണിക്ക് പ്രസവ വേദന ഇല്ലാതാക്കുന്നതാണ് ഈ രീതി. പ്രസവത്തിനിടെ ഓപ്പറേഷന്‍ ആവശ്യമായേക്കാവുന്ന അടിയന്തര ഘട്ടങ്ങളിലും ഇത് സഹായകരമാണ്.
ഗര്‍ഭിണിയുടെയും ബന്ധുക്കളുടെയും സമ്മതത്തോടെയാണ് വേദനരഹിത പ്രസവങ്ങള്‍ നടത്തുന്നത്. ആധുനിക സൗകര്യങ്ങളോടെ തുടങ്ങിയ ഒബ്‌സ്‌റ്റെട്രിക് ആന്‍ഡ് ഗൈനക്കോളജി (ഒ ആന്‍ഡ് ജി) വിഭാഗത്തിലാണ് വേദനരഹിത പ്രസവത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. നടുവേദന പോലുള്ള മറ്റു പ്രസവാനന്തരപ്രശ്‌നങ്ങളും ഇത്തരം പ്രസവങ്ങളില്‍ ഉണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സാധാരണ പ്രസവങ്ങള്‍ പോലെ മൂന്നാം ദിവസംതന്നെ അമ്മമാര്‍ക്ക് ആശുപത്രിയില്‍നിന്ന് മടങ്ങാം. വേദനരഹിത പ്രസവത്തിന് സ്വകാര്യ ആശുപത്രികളില്‍ 50,000 മുതല്‍ ലക്ഷം രൂപ വരെയാണ് ചെലവ്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 2000 രൂപയില്‍ താഴെയാണ് വേദനരഹിത പ്രസവത്തിന് ചെലവ്. പ്രസവത്തിനെത്തുന്നവര്‍ക്ക് വേദനരഹിത പ്രസവം സംബന്ധിച്ചു കൗണ്‍സിലിങ് നല്‍കാറുണ്ടെന്നും അധികൃതര്‍.