Monday, March 23, 2026 Last Updated 8 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Friday 18 Jul 2025 10.22 AM

മിഥുന്റെ വേര്‍പാട് താങ്ങാന്‍ കഴിയാതെ വീടും നാടും വിങ്ങലില്‍ ; വിവാദപ്രതികരണവും സൂംബാനൃത്തവും നടത്തി സിപിഐ മന്ത്രി ചിഞ്ചുറാണി

uploads/news/2025/07/791752/chinchu-rani.jpg

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ വേര്‍പാട് താങ്ങാന്‍ കഴിയാതെ വീടും നാടും വിങ്ങലില്‍ മുങ്ങുമ്പോള്‍ മിഥുന്റെ മരണത്തെക്കുറിച്ച് വിവാദപ്രസംഗവും സൂബാ ഡാന്‍സും നടത്തി കൊല്ലം ജില്ലയില്‍നിന്നുള്ള സി.പി.ഐ. മന്ത്രി ജെ. ചിഞ്ചുറാണി. മിഥുന്റെ മരണത്തില്‍ നടത്തിയ നടത്തിയ പ്രതികരണവും മന്ത്രിയുടെ സൂംബാ നൃത്തവും വ്രിവാദമായി.

സി.പി.ഐയുമായി ബന്ധമുള്ള കേരള മഹിളാ സംഘടനയുടെ വനിതാസംഗമത്തോടനുബന്ധിച്ച് ഇന്നലെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലാണു മന്ത്രി ജെ. ചിഞ്ചുറാണി വനിതകള്‍ക്കൊപ്പം സൂംബാ നൃത്തം ചെയ്തതും വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചതു സംബന്ധിച്ചു വിവാദ പരാമര്‍ശം നടത്തിയതും. വിദ്യാര്‍ഥികള്‍ അലസമായാണ് ജലാശയങ്ങളിലും മറ്റും പോകുന്നതെന്നും ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ ഭാഗത്തു തെറ്റുണ്ട് എന്ന തരത്തിലും ആയിരുന്നു പ്രസംഗം. സര്‍ക്കാര്‍ സംവിധാനങ്ങളിലെ പരാജയമല്ല ഇത്തരം അപകടമരണങ്ങള്‍ക്കു കാരണമെന്നും സമര്‍ഥിച്ചു.

വിദ്യാര്‍ഥി മരിച്ച വിവരമറിഞ്ഞശേഷം മന്ത്രി വേദിക്കു താഴെയെത്തി വനിതാ പ്രവര്‍ത്തകര്‍ക്കൊപ്പം പാട്ടിനനുസരിച്ച് സൂംബാ നൃത്തം ചെയ്യുകയായിരുന്നു. അനവസരത്തിലുള്ള ഈ പ്രവൃത്തിയും പ്രസംഗത്തിലെ പരാമര്‍ശവുമാണ് ജനരോഷത്തിന് ഇടയാക്കുന്നത്. അതേസമയം മിഥുന്റെ വേര്‍പാടില്‍ നാട്ടുകാരും വീട്ടുകാരും തേങ്ങുകയാണ്. പഠിക്കാനും മിടുക്കനായിരുന്ന മിഥുന്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. പിതാവിനൊപ്പമുള്ള മക്കളുടെ യാത്ര നാട്ടിലെ പതിവുകാഴ്ചയായിരുന്നു. കല്‍പ്പണിക്കാരനായ മനുവിന് മഴയായതിനാല്‍ അടുത്തിടെ ജോലി കുറവായിരുന്നു. സുജ തൊഴിലുറപ്പിനും വീടുകളില്‍ സഹായിക്കാനും പോകുമായിരുന്നു.

ടാര്‍പോളിന്‍ വലിച്ചു കെട്ടിയ ചെറിയ വീട്ടിലാണ് നാലംഗ കുടുംബം താമസിച്ചിരുന്നത്. സാമ്പത്തിക ബാധ്യത രൂക്ഷമായപ്പോള്‍ സുജ മൂന്നു മാസം മുമ്പ് കുവൈത്തില്‍ വീട്ടുജോലിക്കായി പോയിരുന്നു. പട്ടകടവ് സെന്റ് ആന്‍ഡ്രൂസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ സഹോദരന്‍ സുജിനെയും മിഥുനെയും പിതാവാണ് നോക്കിയിരുന്നത്. ഇന്നലെ രാവിലെ പിതാവാണ് മിഥുനെ സ്‌കൂളിന് സമീപമുള്ള ട്യൂഷന്‍ സെന്ററില്‍ കൊണ്ടാക്കിയത്. ഇവിടെനിന്നു സ്‌കൂളിലെത്തി കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

പട്ടകടവ് യു.പി. സ്‌കൂളില്‍നിന്നു തേവലക്കര സ്‌കൂളില്‍ ഈ അധ്യയന വര്‍ഷമാണ് മിഥുന്‍ എത്തിയത്. ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും പഞ്ചായത്ത് അനുവദിച്ചില്ലെന്നു ബന്ധുക്കള്‍ പറയുന്നു.

Ads by Google
Friday 18 Jul 2025 10.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google