Monday, March 23, 2026 Last Updated 13 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Jul 2025 10.45 AM

കാന്തപുരം ലോകത്തിന് നല്‍കിയത് മഹത്തായ സന്ദേശം ; കാന്തപുരത്തെ സന്ദര്‍ശിച്ച് സിപിഐം സംസ്ഥാന സെക്രട്ടറി

uploads/news/2025/07/791362/MV-Govindan.jpg

മലപ്പുറം: യെമന്‍ പൗരനെ കൊലപ്പെടുത്തിയതിന് യെമനില്‍ വധശിക്ഷാ ഭീഷണിയില്‍ നില്‍ക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി നടത്തുന്ന ശ്രമങ്ങള്‍ കാന്തപുരം ലോകത്തിന് നല്‍കുന്ന മഹത്തായ സന്ദേശമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നിമിഷപ്രിയയുടെ മോചനം സാധ്യമാക്കുന്ന നിലയിലേക്ക് മതപണ്ഡിതന്മാര്‍ വഴിയുള്ള ചര്‍ച്ചകള്‍ തുടരുമെന്നും പറഞ്ഞു.

കാന്തപുരവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു പ്രതികരണം. പ്രശ്‌നത്തില്‍ തുടര്‍ന്നും ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും കേരളവും കുടുംബവുമെല്ലാം വളരെ പ്രതീക്ഷയോടെയാണ് കാത്തു നില്‍ക്കുന്നതെന്നും പറഞ്ഞു. കാന്തപുരം രാജ്യത്തിന് വേണ്ടി കാഴ്ചവെച്ചത് ഫലപ്രദമായ മാനവീകതയാണെന്ന് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുകയാണ്. ഇനിയും ചര്‍ച്ച തുടരാന്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത് ആവേശകരമായി മാറിയിട്ടുണ്ടെന്നും പറഞ്ഞു.

യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സിന്റെ വധശിക്ഷ മരവിപ്പിച്ചിരുന്നു. ശിക്ഷ ഇന്ന് നടപ്പാക്കാനായിരുന്നു നേരത്തേ തീരുമാനം. ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. യെമനിലെ പ്രമുഖ സൂഫി വര്യന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ തലാലിന്റെ ബന്ധുക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കാന്തപുരത്തിന്റെ അഭ്യര്‍ഥന പ്രകാരമാണു ഷെയ്ഖ് ഉമര്‍ വിഷയത്തില്‍ ഇടപെട്ടത്. അതേമസമയം ദയാധനം സ്വീകരിച്ച്, തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാലേ വധശിക്ഷ ഒഴിവാകൂ.

അതിനായുള്ള ശ്രമം തുടരുന്ന സാഹചര്യത്തിലാണ് ശിക്ഷ നടപ്പാക്കുന്നതു മരവിപ്പിച്ചത്. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളാണു നിലവില്‍ പുരോഗമിക്കുന്നത്. ഒരു ഇന്ത്യന്‍ പൗരന്‍ വിദേശരാജ്യത്ത് വധശിക്ഷ കാത്തുകഴിയുമ്പോള്‍ അതില്‍ ഇടപെട്ട് മനുഷ്യത്വപരമായ പരിഹാരം കാണുകയെന്നത് ദേശീയതാത്പര്യമാണ്. ആ ബോധ്യമാണ് തന്നെ നയിച്ചതെന്നായിരുന്നു ഇന്നലെ കാന്തപുരം പത്രസമ്മേളനത്തില്‍ പറഞ്ഞത്.

അതേസമയം കാന്തപുരത്തിനെ എം.വി. ഗോവിന്ദന്‍ സന്ദര്‍ശിച്ചത് അനുനയത്തിന്റെ ഭാഗമായിട്ടായിരുന്നു വിലയിരുത്തല്‍. സര്‍ക്കാരിനെതിരേ സമസ്ത ഉയര്‍ത്തിക്കൊണ്ടുവരുന്ന സ്കൂള്‍ സമയ വിഷയത്തില്‍ കാന്തപുരത്തിന്റെ പിന്തുണ കൂടി തേടുക എന്ന ഉദ്ദേശം കൂടി സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം സിപിഎമ്മുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് കാന്തപുരത്തിന്റെ സുന്നി വിഭാഗം.

Ads by Google
Wednesday 16 Jul 2025 10.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google