Monday, March 23, 2026 Last Updated 14 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Friday 11 Jul 2025 07.47 AM

കീം പുതിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു ; ആദ്യ നൂറില്‍ സംസ്ഥാനസിലബസില്‍ നിന്നും പട്ടികയിലെത്തിയത് 21 പേര്‍

uploads/news/2025/07/790460/keam-exam.jpg

തിരുവനന്തപുരം: ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്നും രൂക്ഷ വിമര്‍ശനം കിട്ടിയതിന് പിന്നാലെ കീം പുതിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പുതുക്കിയ റാങ്ക് ലിസ്റ്റില്‍ 76,230 പേരാണ് പുതിയ പട്ടികപ്രകാരം യോഗ്യത നേടിയത്. കേരളാസിലബസ് പഠിച്ചവര്‍ക്ക് വലിയ തിരിച്ചടിയായി.

ഇന്നലെ രാത്രിയിലാണ് സര്‍ക്കാര്‍ പുതുക്കിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പുതുക്കിയ റാങ്ക് ലിസ്റ്റിലെ ആദ്യ 100 ല്‍ സംസ്ഥാന സിലബസില്‍ നിന്നും ഉള്‍പ്പെട്ടത് വെറും 21 പേര്‍ മാത്രമാണ്. ആദ്യം പുറത്തിറങ്ങിയ റാങ്ക്‌ലീസ്റ്റില്‍ കേരളാസിലബസ് പഠിച്ച 43 പേര്‍ ഉണ്ടായിരുന്നു. മേല്‍ക്കോടതിയെ സമീപിക്കാനുള്ള നീക്കം സര്‍ക്കാര്‍ തള്ളി. അതിന് സമയമില്ലാത്തതിനാലാണ് സുപ്രീംകോടതിയിലേക്ക് പോകേണ്ട എന്ന നിലപാട് എടുത്തത്. ഇതോടെയാണ് അടിയന്തിനമായി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടി വന്നത്.

പുതുക്കിയ റാങ്ക്‌ലീസ്റ്റില്‍ തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസാണ് ഒന്നാം റാങ്കുകാരന്‍. രണ്ടാം റാങ്കുകാരന്‍ എറണാകുളം ചേറായി സ്വദേശി ഹരികൃഷ്ണനാണ്. കുടപ്പനക്കുന്ന് സ്വദേശി എമില്‍ ഐപ്പ് സക്കറിയയ്ക്ക് മൂന്നാം റാങ്കും കിട്ടി.

കീം 2025 റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയതോടെയാണ് ഇത്തവണ എഞ്ചിനീയറിംഗ് പ്രവേശനം പഴയ ഫോര്‍മുലയില്‍ തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സിംഗിള്‍ ബഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷന്‍ ബഞ്ച് വിധിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്‌പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാത്തതാണെന്നും ഏകപക്ഷീയവുമാണെന്നായിരുന്നു ഇന്നലെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഫെബ്രുവരി 19 ന് പുറത്തിറക്കിയ പ്രേസ്‌പെക്ട്‌സ് പ്രകാരം പുതിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രേസ്‌പെക്ടസില്‍ വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിക്ക് പിന്നാലെയാണ് മുമ്പ് പ്രസിദ്ധീകരിച്ച കീംഫലം ഹൈക്കോടതി റദ്ദാക്കിയത്. മാര്‍ക്ക് ഏകീകരണത്തിനുള്ള സമവാക്യം മൂലം സിബിഎസ് സി വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പുണ്ടായിരുന്ന വെയ്‌റ്റേജ് നഷ്ടമായി എന്ന് ചൂണ്ടിക്കാട്ടി ചില സിബിഎസ് സി വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതായിരുന്നു സംസ്ഥാനസര്‍ക്കാരിന് വലിയ തിരിച്ചടിയായത്. സിംഗിള്‍ബഞ്ചിന് പിന്നാലെ ഡിവിഷന്‍ബഞ്ചും പുതിയ പട്ടികയുണ്ടാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Ads by Google
Friday 11 Jul 2025 07.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google