Tuesday, March 24, 2026 Last Updated 12 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
ഷാലു മാത്യു
Thursday 29 May 2025 01.34 PM

സതീശന്‍ വിരുദ്ധരെ സ്വാധീനിക്കാന്‍ അന്‍വര്‍ നടത്തിയ നീക്കവും പാളി

uploads/news/2025/05/783660/pv-anwar.gif

കോട്ടയം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള വിലപേശലിന്റെ ഭാഗമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ പി.വി. അന്‍വര്‍ നടത്തിയ നീക്കം യു.ഡി.എഫ്. ഒറ്റക്കെട്ടായി എതിര്‍ത്തതോടെ പാളി. നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി താന്‍ മത്സരിച്ചാല്‍ ഉത്തരവാദി സതീശനാണെന്നു വരുത്തിത്തീര്‍ക്കാനുള്ള അന്‍വറിന്റെ തന്ത്രം തിരിച്ചറിഞ്ഞായിരുന്നു യു.ഡി.എഫ്. നേതാക്കളുടെ പ്രതികരണം.

കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ അന്‍വറിനെ അനുകൂലിച്ച് പരസ്യമായി രംഗത്തുവന്നെങ്കിലും മറ്റ് മുന്‍നിരനേതാക്കളാരും അതിനൊപ്പമുണ്ടായിരുന്നില്ല. യു.ഡി.എഫ്. സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ അന്‍വര്‍ അധിക്ഷേപിച്ചതും മുന്നണിപ്രവേശത്തിനു വിലപേശിയതുമാണ് നേതാക്കളെ ചൊടിപ്പിച്ചത്. തൃണമൂലിനെ യു.ഡി.എഫ്. ഘടകകക്ഷിയാക്കണമെന്നായിരുന്നു മൂന്നാഴ്ച മുമ്പ് കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ അന്‍വറിന്റെ ആവശ്യം. എന്നാല്‍, ദേശീയതലത്തില്‍ കോണ്‍ഗ്രസ് വിരുദ്ധനിലപാട് തുടരുന്ന തൃണമൂലിനെ കേരളത്തില്‍ ഘടകകക്ഷിയാക്കാനാവില്ലെന്നാണു കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. പകരം, ഏതെങ്കിലും ഘടകകക്ഷിയുടെ ഭാഗമായോ പുതിയ രാഷ്ട്രീയകക്ഷി രൂപീകരിച്ചോ കടന്നുവരാന്‍ നിര്‍ദേശിച്ചു. ആ നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചാണ് അന്‍വര്‍ മടങ്ങിയതെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് അന്‍വര്‍ വീണ്ടും തനിനിറം കാണിച്ചത്. തൃണമൂലിനെ യു.ഡി.എഫില്‍ എടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കുമെന്ന അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്ന ഉറച്ചനിലപാട് സ്വീകരിച്ചത് വിഡി. സതീശനാണ്. കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫും യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശും അതിനോടു യോജിച്ചു.

അന്‍വറിനോട് തുടക്കത്തില്‍ മൃദുസമീപനം സ്വീകരിച്ച മുസ്ലിം ലീഗും വിലപേശല്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടെടുത്തു. സതീശനെ മാത്രം ലക്ഷ്യമിടുന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയാണ് അന്‍വര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, ആ തന്ത്രത്തിനു വഴിപ്പെട്ടതാകട്ടെ സുധാകരന്‍ മാത്രം. ഇനിയിപ്പോള്‍ അന്‍വറിന് യു.ഡി.എഫിന്റെ ഭാഗമാകണമെങ്കില്‍ കീഴടങ്ങലല്ലാതെ മറ്റ് മാര്‍ഗമില്ലെന്നതാണ് അവസ്ഥ.

Ads by Google
ഷാലു മാത്യു
Thursday 29 May 2025 01.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google