Tuesday, March 24, 2026 Last Updated 6 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 May 2025 01.28 PM

വി.എസിനും ഇ.എം.എസിനും സാധ്യമാകാത്ത കാര്യം ചെയ്തു ; 'പിണറായി ദ് ലെജന്‍ഡ്' എന്ന ഡോക്യൂമെന്ററി പ്രകാശനം ചെയ്ത് ഉലകനായകന്‍

uploads/news/2025/05/783659/pinarayi.gif

തിരുവനന്തപുരം: നായനാര്‍ക്കോ വി.എസിനോ സാക്ഷാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിനോ പോലും സാധ്യമാകാതിരുന്ന തുടര്‍ഭരണമെന്ന നാഴികക്കല്ലാണു മുഖ്യമന്ത്രി പിണറായി വിജയന്‍ നേടിയതെന്ന വാഴ്ത്തലുമായി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഡോക്യൂമെന്ററി. സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് അസോസിയേഷന്‍ തയാറാക്കിയ 'പിണറായി ദ് ലെജന്‍ഡ്' എന്ന ഡോക്യൂമെന്ററി തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നടന്‍ കമല്‍ഹാസന്‍ പ്രകാശനം ചെയ്തു.

മുഖ്യമന്ത്രിയെക്കുറിച്ചുള്ള കമല്‍ഹാസന്റെ വാക്കുകളിലൂടെയാണു ഡോക്യൂമെന്ററി ആരംഭിക്കുന്നത്. അഴിമതിക്കെതിരേ പോരാടുന്നത് തുടരണമെന്ന് കമല്‍ഹാസന്‍ ചടങ്ങില്‍ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല എല്ലായിടത്തും അത്തരക്കാര്‍ തുടരണം. കേരളം തന്റേതു കൂടിയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. വ്യക്തിയെന്ന നിലയില്‍ സ്വന്തം കഴിവിലൂടെ തന്റേതായ രീതിയില്‍ പ്രവര്‍ത്തിച്ചു വന്നതല്ലെന്നും പാര്‍ട്ടിയുടെ ഉല്‍പ്പന്നമാണു താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ ഘട്ടങ്ങളിലും പാര്‍ട്ടി ആഗ്രഹിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

പാര്‍ട്ടിക്കെതിരായി നടക്കുന്ന ആക്രമണങ്ങള്‍ വ്യക്തിപരമായി തനിക്കുനേരെ നീളുകയാണെന്നും അതിനെ ആ രീതിയില്‍ തന്നെ നേരിടും.- മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം, ഡോക്യുമെന്ററിയില്‍ അമ്മയുടെ പേരു തെറ്റിയത് മുഖ്യമന്ത്രി പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി. ആലക്കാട് കല്യാണി എന്നാണ് അമ്മയുടെ പേര്‍. അങ്ങനെയല്ല അതില്‍ പറയുന്നത്. അത് അമ്മയോടു ചെയ്ത നീതികേടായിപ്പോയി. അമ്മയെക്കുറിച്ച് അറിയുന്നവര്‍ക്ക് അതു തെറ്റിയെന്നു മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്യുമെന്ററിയില്‍ ആലക്കണ്ടി കല്യാണി എന്നാണ് പറഞ്ഞിരുന്നത്.

പിണറായി വിജയന്റെ ജനനം മുതല്‍ ചെറുപ്പകാലവും വിദ്യാര്‍ഥി രാഷ്ട്രീയകാലവും ജയില്‍ ജീവിതവും പോലീസ് മര്‍ദനവും സംഘടനാ മികവും പാര്‍ലമെന്ററി പാടവവും വിവരിക്കുന്നതാണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി. സര്‍ക്കാര്‍ പദ്ധതികളും നേട്ടങ്ങളും അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍ എണ്ണമിട്ടു നിരത്തുന്നു. പ്രസാദ് കണ്ണനാണു രചന നിര്‍വഹിച്ചത്.

നേരത്തെ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ മുഖ്യമന്ത്രിയെ വാഴ്ത്തിക്കൊണ്ട് ഗാനം ആലപിച്ചത് വിവാദമായിരുന്നു. പാര്‍ട്ടി വ്യക്തികേന്ദ്രീകൃത ആരാധനക്ക് എതിരാണെന്നു പറയുമ്പോഴും മുഖ്യമന്ത്രിയെ പോഷകസംഘടന വാഴ്ത്തുന്നുവെന്നായിരുന്നു ആരോപണം.

Ads by Google
Thursday 29 May 2025 01.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google