Tuesday, March 24, 2026 Last Updated 33 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 May 2025 02.18 PM

അസര്‍ബൈജാന്‍ ജോലി തട്ടിപ്പ്: പ്രതികള്‍ ഇപ്പോഴും കാണാമറയത്ത് ; മാസങ്ങള്‍ പിന്നിടുമ്പോഴും ഇവരെ പിടികൂടാന്‍ പോലീസിനായിട്ടില്ല

uploads/news/2025/05/783487/fraud.jpg

കൊച്ചി: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ പ്രതികള്‍ കാണാമറയത്ത്. ഏഷ്യ ഓറിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവില്‍ നിരവധി ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ലിനു പോള്‍, ആദം ജോണ്‍, അരുണ്‍ പി. ആന്റണി, ലിബിന പോള്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍ ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മാസങ്ങള്‍ പിന്നിടുമ്പോഴും ഇവരെ പിടികൂടാന്‍ പോലീസിനായിട്ടില്ല.

ഉദ്യോഗാര്‍ഥികളില്‍നിന്ന് അഞ്ചുലക്ഷത്തോളം രൂപയാണ് പല തവണകളായി പ്രതികള്‍ കൈപ്പറ്റിയത്. പോളണ്ട്, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലാണു ജോലി വാഗ്ദാനം നല്‍കിയിരുന്നത്. അസര്‍ബൈജാനിലെ ഒരു പ്രമുഖ കമ്പനിയുമായി ഏഷ്യ ഓറിയയ്ക്ക് കാരാറുണ്ടെന്നാണ് അരുണ്‍ ഉദ്യോഗാര്‍ഥികളോടു പറഞ്ഞിരുന്നത്. ഓയില്‍ ആന്‍ഡ് ഗ്യാസ് റിഗിലെ പ്രോജക്ടിന്റെ കരാറാണെന്നും ഇതിനായി എഴുപത്തഞ്ചോളം ജീവനക്കാരെ നിയമിക്കുന്നുവെന്നും ഇയാള്‍ ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിച്ചു. ശമ്പളത്തോടൊപ്പമുള്ള ആറുമാസത്തെ പരിശീലനവും ജോലിയുമായിരുന്നു വാഗ്ദാനം. അരുണ്‍ പി. ആന്റണിയും ഭാര്യ ലിബിന പോളുമാണ് വാഗ്ദാനങ്ങളുമായി ഉദ്യോഗാര്‍ഥികളെ സമീപിച്ചത്.

കമ്പനിയുടെ ആദ്യ പ്രോജക്ടായതിനാല്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തവരെയും കമ്പനി വിദേശത്തേക്കു കൊണ്ടുപോകുന്നതായും അരുണ്‍ പറഞ്ഞിരുന്നു. പ്രോസസിങ് ഫീസായി 10,000 രൂപ ആദ്യം കൈപ്പറ്റിയശേഷം പല ഘട്ടങ്ങളിലായാണ് അഞ്ചുലക്ഷത്തോളം രൂപ വാങ്ങിയെടുത്തത്. തുടര്‍ന്ന് ഉദ്യോഗാര്‍ഥികളെ അസര്‍ബൈജാനില്‍ എത്തിക്കുകയും ചെയ്തു. അവിടെ അഷ്യോറിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഓഫീസുണ്ടായിരുന്നെങ്കിലും അരുണ്‍ പി. ആന്റണിയല്ലാതെ മറ്റാരും ജീവനക്കാരായി ഇല്ലായിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജോലിസംബന്ധമായ പരിശീലനം ലഭിക്കാതിരുന്നപ്പോഴാണ് ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്. 45 പേരോളം അസര്‍ബൈജാനില്‍ ഉണ്ടായിരുന്നതായാണു സൂചന. ഇവരെ ഒരു മാസത്തോളം അസര്‍ബൈജാനില്‍ താമസിപ്പിച്ചു. സമാനമായ രീതിയില്‍ കാനഡയില്‍ വിസ വാഗ്ദാനം ചെയ്ത് നിരവധി പേരെ പ്രതികള്‍ തട്ടിപ്പിനിരയാക്കിയതായും സൂചനയുണ്ട്. വിവിധ സ്‌റ്റേഷനുകളില്‍ കേസുകളുള്ളപ്പോഴും ഇവരിലാരെയും പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

Ads by Google
Wednesday 28 May 2025 02.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google