Tuesday, March 24, 2026 Last Updated 36 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 27 May 2025 03.50 PM

യു.ഡി.എഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ ഒറ്റയ്‌ക്കു പോരാടും, അന്‍വര്‍ സ്വതന്ത്രനായാല്‍ ബി.ജെ.പി. പിന്തുണയ്‌ക്കുമോ?

സ്വതന്ത്രനായി മത്സരിച്ചാല്‍ അന്‍വര്‍ ബി.ജെ.പിയുടെ പിന്തുണയ്‌ക്കു ശ്രമിക്കുമെന്നു രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്‌. ബി.ജെ.പി. മൗനം പാലിച്ചു സഹായിക്കാനും സാധ്യതയുണ്ട്‌.
kerala

കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ ബി.ജെ.പി. പിന്തുണയ്‌ക്കുമോ? രണ്ടു ദിവസമാണു പി.വി. അന്‍വറിന്റെ മുന്നിലുള്ളത്‌. അതുകഴിഞ്ഞാല്‍ നിലപാടു വ്യക്‌തമാക്കുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്‌. ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിനോട് ഒത്തുതീര്‍പ്പ് വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി പി വി അന്‍വര്‍ അപമാനിച്ചെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

ഇതിനിടെ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിക്കുമെന്ന് ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തിനുശേഷം നേതാക്കള്‍ അറിയിച്ചു. തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് രണ്ട് ദിവസത്തെ സമയം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിനെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയാക്കിയാല്‍ അംഗീകരിക്കില്ലെന്നായിരുന്നു അന്‍വറിന്റെ നിലപാട്‌. നിലമ്പൂരില്‍ സ്‌ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിനു തള്ളുകയും വേണ്ട കൊള്ളുകയും വേണ്ട എന്നും മറുപടി നല്‍കിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത ഉള്ള ഒരു സീറ്റും അനുയായികള്‍ക്ക് മത്സരിക്കാന്‍ രണ്ട് സീറ്റും വേണമെന്നാണ് അന്‍വറിന്റെ ആവശ്യം. എന്നാല്‍ അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം

യു.ഡി.എഫ്‌. പ്രവേശനം സംബന്ധിച്ചു രണ്ടു ദിവസത്തിനകം ഉറപ്പുലഭിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും അന്‍വറിന്റെ മത്സരമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്‍വറിനോട് സംസാരിച്ച് ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തുന്ന സമീപനമായിരുന്നു ഇന്നലെ അന്‍വറിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് കോണ്‍ഗ്രസിന്റെ വാദം

യു.ഡി.എഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ പി.വി. അന്‍വര്‍ ഒറ്റയ്‌ക്കു പോരാടിയേക്കുമെന്നും അപ്പോള്‍ ബി.ജെ.പിയുടെ പിന്തുണയ്‌ക്കു ശ്രമിക്കുമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്‌. ബി.ജെ.പി. മൗനം പാലിച്ചു സഹായിക്കാനും സാധ്യതയുണ്ട്‌.

മുസ്ലിം സമുദായാംഗം കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയാവുകയും ബി.ജെ.പി. സ്‌ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കുകയും ചെയ്‌താല്‍, യു.ഡി.എഫിന്റെ ഹിന്ദു, ക്രൈസ്‌തവ വോട്ടുകളില്‍ വിള്ളലുണ്ടാകുമെന്നാണ്‌ അന്‍വറിന്റെ വാദം. അത്‌ ഇടതു സ്‌ഥാനാര്‍ഥിക്കു ഗുണം ചെയ്യുമെന്ന്‌ അന്‍വര്‍ കോണ്‍ഗ്രസ്‌ നേതാക്കളെ അറിയിച്ചെങ്കിലും അവര്‍ അതിനോടു യോജിച്ചില്ല.

യു.ഡി.എഫിന്റെ സ്‌ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അതൃപ്‌തി അന്‍വറിന്റെ വാക്കുകളില്‍ പ്രകടമാണ്‌. അഭിപ്രായം ചോദിക്കാന്‍ താന്‍ യു.ഡി.എഫിന്റെ ഭാഗമല്ലെന്നും മുന്നണി പ്രവേശനം വൈകുന്നതില്‍ അണികള്‍അസംതൃപ്‌തരാണെന്നും അദ്ദേഹം പറഞ്ഞുവയ്‌ക്കുന്നു. പ്രദേശത്തെ മുസ്ലിം സംഘടനകള്‍ക്ക്‌ ആര്യാടന്‍ ഷൗക്കത്തിന്റെ സ്‌ഥാനാര്‍ത്ഥിത്വത്തോടു താല്‍പര്യമില്ലെന്നാണ്‌ അന്‍വറിന്റെ അഭിപ്രായം. എന്നാല്‍, മുസ്ലിം ലീഗിന്റെ പിന്തുണ ഉറപ്പാക്കിയാണു ഷൗക്കത്ത്‌ സ്‌ഥാനാര്‍ഥിയായതെന്നാണ്‌ വിവരം.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 27 May 2025 03.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google