Tuesday, March 24, 2026 Last Updated 32 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 May 2025 11.49 AM

ഷെയര്‍ ട്രേഡിങ്ങ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചു ; വ്യാജ വെബ്‌സൈറ്റിന്റെ ലിങ്ക് അയച്ചുകൊടുത്തു ; തമിഴ്നാട്ടുകാരന്‍ തട്ടിയത് 15.11 ലക്ഷം

uploads/news/2025/05/783275/fraud.jpg

കായംകുളം: പത്തിയൂര്‍ സ്വദേശിയായ ഐടി പ്രഫഷണലില്‍നിന്ന് 15.11 ലക്ഷം തട്ടിയ സംഘത്തിലെ തമിഴ്‌നാട് സ്വദേശി പിടിയില്‍. ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്റെ പേരില്‍ പത്തിയൂര്‍ സ്വദേശിയായ ഐടി പ്രഫഷണലില്‍ നിന്നു പണം തട്ടിയ കേസിലാണ് തമിഴ്‌നാട് നീലഗിരി പന്തല്ലൂര്‍ താലൂക്കില്‍ പാട്ടവയല്‍ മൂന്നനാട് നെലാക്കോട്ട പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വീട്ടിപ്പടി കരയില്‍ കാരാടന്‍ വീട്ടില്‍ എസ്. അര്‍ഷിദ്(20) പിടിയിലായത്.

പരാതിക്കാരനില്‍നിന്ന് അയച്ചുവാങ്ങിയ പണം എ.ടി.എം. മുഖേന പിന്‍വലിച്ച ഇയാളെ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് നോട്ടീസ് നല്‍കി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസില്‍ മലപ്പുറം സ്വദേശികളായ അബ്ദുള്‍ സലാം, അബ്ദുള്‍ ജലീല്‍, വിഷ്ണുജിത്ത് എന്നിവരെയും കോഴിക്കോട് സ്വദേശി മുഹമ്മദ് ലുക്മാനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ സ്ഥാപന ഗ്രൂപ്പിന്റെ പ്രതിനിധിയായി ആള്‍മാറാട്ടം നടത്തി ടെലിഗ്രാം, വാട്‌സാപ്പ് എന്നിവ വഴി ബന്ധപ്പെട്ടാണ് പ്രതികള്‍ തട്ടിപ്പുനടത്തിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ശ്രീനിധി എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടില്‍നിന്നു ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. പരാതിക്കാരനെ ഷെയര്‍ ട്രേഡിങ്ങ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വ്യാജ വെബ്‌സൈറ്റിന്റെ ലിങ്ക് അയച്ചുകൊടുക്കുകയും പരാതിക്കാരനെക്കൊണ്ട് അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും ചെയ്തശേഷം ട്രേഡിങ് നിക്ഷേപം എന്ന പേരില്‍ തട്ടിപ്പുകാര്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വാങ്ങുകയായിരുന്നു. അയച്ച പണം വ്യാജ വെബ്‌സൈറ്റില്‍ ലാഭം സഹിതം പ്രദര്‍ശിപ്പിച്ചു വിശ്വസിപ്പിച്ചാണ് തട്ടിപ്പു തുടര്‍ന്നത്.

ഇത്തരത്തില്‍ 15.11 ലക്ഷം രൂപയാണ് പരാതിക്കാരന്‍ അയച്ചുകൊടുത്തത്. തുടര്‍ന്ന് അയച്ച പണമോ ലാഭമോ പിന്‍വലിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പു ബോധ്യമായത്. ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനിലും നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ 1930 എന്ന ടോള്‍ഫ്രീ നമ്പറിലും പരാതിപ്പെട്ടതോടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പ്രതികളെ പിടികൂടാനും കഴിഞ്ഞു.

ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഏലിയാസ് പി. ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം സിവില്‍ പോലീസ് ഓഫീസര്‍ എസ്.ആര്‍. ഗിരീഷ് തമിഴ്‌നാട് ഗൂഡല്ലൂരിലെത്തി പ്രതിയുടെ വിലാസത്തില്‍ അന്വേഷണം നടത്തി പ്രതിക്കു നോട്ടീസ് നല്‍കിയതനുസരിച്ചു പ്രതി സ്‌റ്റേഷനില്‍ ഹാജരാക്കുകയും ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ചോദ്യംചെയ്തശേഷം പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു.

Ads by Google
Tuesday 27 May 2025 11.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google