വയനാട്: ആണ്‍സുഹൃത്തിന്റെ വെട്ടേറ്റ് മാതാവ് മരണപ്പെട്ടതിന് പിന്നാലെ കാണാതായ ഒമ്പത് വയസ്സുകാരിക്കായി തിരച്ചില്‍ തുടരുന്നു. വീടിനു സമീപത്തെ വനമേഖല കേന്ദ്രീകരിച്ച് ഫയര്‍ഫോഴ്‌സും വനംവകുപ്പും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മാനന്തവാടിയില്‍ ഇന്നലെ കൊല്ലപ്പെട്ട വാകേരി സ്വദേശി പ്രവീണയുടെ രണ്ടാമത്തെ മകള്‍ക്ക് വേണ്ടിയാണ് തെരച്ചില്‍ തുടരുന്നത്.
ആണ്‍ സുഹൃത്തായ ദിലീഷാണ് പ്രവീണയെ കൊലപ്പെടുത്തിയത്. പിന്നാലെയാണ് ഇളയമകളെയും ദിലീഷിനെയും കാണാതായത്. ദിലീഷ് കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോ എന്നാണ് സംശയിക്കുന്നത്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. 14 വയസ്സുള്ള പ്രവീണയുടെ മൂത്ത കുട്ടിയെയും ദിലീഷ് വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. ഈ കുട്ടി ഇപ്പോള്‍ മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ ദിലീഷിനൊപ്പമായിരുന്നു താമസം. മൂത്ത കുട്ടിയുടെ കഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റത്. കാണാതായ കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മാനന്തവാടിയില്‍ എന്നാല്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാലവസ്ഥ തിരച്ചിലിനെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്.