Tuesday, March 24, 2026 Last Updated 49 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 May 2025 01.20 PM

ഇന്ത്യയിലെ ഐഫോൺ നിർമ്മാണം;​‍ ലോകരാജ്യങ്ങളുടെ ആത്മവിശ്വാസത്തിനുദാഹരണം : രാജീവ് ചന്ദ്രശേഖർ

2027 -ൽ ഇലക്ട്രോണിക്സ് ഉൽപ്പാദനത്തിൽ 300 ബില്യൺ ഡോളർ ലക്ഷ്യം, 120 ബില്യൺ ഡോളർ കയറ്റുമതി
uploads/news/2025/05/782905/Rajeev-chandrasekhar-2.jpg

തങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്കിടയിലും ഐഫോൺ നിർമ്മാണം ഇന്ത്യയിൽ കൂടുതൽ വിപുലീകരിക്കുന്നതിന് ആപ്പിൾ കൈക്കൊണ്ട തീരുമാനം, രാജ്യത്ത് നിലവിലുള്ള നിർമ്മാണ ആവാസവ്യവസ്ഥക്കുമേൽ ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തിന് മതിയായ ഉദാഹരണമാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷനും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ ടി വകുപ്പ് മുൻ സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.

2025 അവസാനമാകുമ്പോൾ ലോകത്ത് ഉപയോഗിക്കപ്പെടുന്ന ഐഫോണുകളുടെ 25 ശതമാനവും ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്നവയായിരിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ആപ്പിളിന്റെ വിതരണ ശൃംഖലയിൽ ചൈന ആധിപത്യം സ്ഥാപിച്ചിരുന്നപ്പോൾ ഇത് ഏതാണ്ട് പൂജ്യമായിരുന്നു എന്നോർക്കണം. ഇന്ത്യൻ സർക്കാർ കൈക്കൊണ്ടു വരുന്ന സുസ്ഥിരമായ നയസമീപനങ്ങളും ഉൽപ്പാദനാധിഷ്ഠിത ആനുകൂല്യ (പിഎൽഐ) പദ്ധതി മുതലായ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളും ഇന്ത്യയെ ഹൈടെക് നിർമ്മാണത്തിനുള്ള ആഗോള കേന്ദ്രമായി അതിവേഗം മാറ്റിവരികയാണ്.

ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്‌സ്‌കോൺ ഇന്ത്യയിൽ 12,700 കോടി രൂപ ഇതിനോടകം നിക്ഷേപിച്ചു കഴിഞ്ഞു. പെഗാട്രോൺ, വിസ്ട്രോൺ മുതലായ മറ്റ് പ്രമുഖ കമ്പനികളും സമീപകാലത്ത് ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം ഏറെ വർദ്ധിപ്പിച്ചു.

2027 ആകുമ്പോഴേക്കും 120 ബില്യൺ ഡോളറിന്റെ കയറ്റുമതിയുമായി ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ 300 ബില്യൺ ഡോളറിലെത്താനുള്ള ദൃഢനിശ്ചയത്തിലാണ് ഇന്ത്യയെന്നും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം സൂചിപ്പിച്ചു.




അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമ്മിക്കുമെന്ന് ആപ്പിൾ അറിയിച്ചതിനു പിന്നാലെ കമ്പനിയുടെ കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ ഇന്ത്യയിലെ തങ്ങളുടെ ഉൽപ്പാദന കേന്ദ്രത്തിൽ 1.49 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച ഇന്ത്യയടക്കം അമേരിക്കക്കു പുറത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ഐഫോണുകൾക്കുമേൽ 25 ശതമാനം അധിക തീരുവ ചുമത്തേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Ads by Google
Sunday 25 May 2025 01.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google