Tuesday, March 24, 2026 Last Updated 0 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 24 May 2025 02.23 PM

പോക്‌സോ കേസില്‍ സുപ്രീം കോടതിയുടെ അസാധാരണവിധി ; അതിജീവിതയെ വിവാഹംകഴിച്ച പ്രതിക്ക് ശിക്ഷയില്ല, പ്രത്യേക അധികാരത്തില്‍ വിട്ടയച്ചു

uploads/news/2025/05/782743/supreme-court-of-india.gif

ന്യൂഡല്‍ഹി: അതിജീവിതയെ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുന്ന പ്രതിയെ പോക്‌സോ കേസില്‍ ശിക്ഷിക്കേണ്ടതില്ലെന്നു സുപ്രീം കോടതിയുടെ അസാധാരണതീരുമാനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗികാഗ്രഹം നിയന്ത്രിക്കണമെന്നു കല്‍ക്കട്ട ഹൈക്കോടതി 2023-ല്‍ വിവാദപരാമര്‍ശം നടത്തിയ അതേ കേസിലാണ് ഭരണഘടനയുടെ 142-ാം വകുപ്പുപ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് പ്രതിയെ സുപ്രീം കോടതി വിട്ടയച്ചത്.

ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നീതിന്യായചരിത്രത്തിലെ അത്യപൂര്‍വമായ വിധി പുറപ്പെടുവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ പ്രതിക്ക് 24 വയസായിരുന്നു. പിന്നീട്, പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായപ്പോള്‍ ഇയാള്‍തന്നെ വിവാഹം കഴിച്ചു. ഇപ്പോള്‍ സന്തുഷ്ടകുടുംബജീവിതം നയിക്കുന്ന ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. കേസില്‍ അതിജീവിതയുടെ ഇപ്പോഴത്തെ മാനസികാരോഗ്യവും കുടുംബസാഹചര്യങ്ങളും വിലയിരുത്താന്‍ മനഃശാസ്ത്രജ്ഞനും സാമൂഹികശാസ്ത്രജ്ഞനും ഉള്‍പ്പെടുന്ന വിദഗ്ധസമിതിയെ കോടതി നിയോഗിച്ചിരുന്നു. സമിതി റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ അന്തിമതീരുമാനം.

'സമൂഹം അവളെ വിധിച്ചു, നിയമസംവിധാനം അവളെ പരാജയപ്പെടുത്തി, സ്വന്തം കുടുംബം അവളെ ഉപേക്ഷിച്ചു'- ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇപ്പോള്‍ പ്രായപൂര്‍ത്തിയായ അതിജീവിത ആ സംഭവത്തെ ഒരു കുറ്റമായി കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമത്തിന്റെ ദൃഷ്ടിയില്‍ ആ സംഭവം ഒരു കുറ്റകൃത്യമാണെങ്കിലും അതിജീവിത അതംഗീകരിക്കുന്നില്ല. നിയമപ്രകാരമുള്ള കുറ്റമല്ല, അതിന്റെ ഭവിഷ്യത്തുകളാണ് അവള്‍ക്ക് മാനസികബുദ്ധിമുട്ടുണ്ടാക്കിയത്.

പോലീസും നിയമസംവിധാനവും കുറ്റാരോപിതനെ ശിക്ഷയില്‍നിന്നു രക്ഷിക്കാനുള്ള നിരന്തരപോരാട്ടവുമാണ് അവള്‍ നേരിട്ട ഭവിഷ്യത്തുകള്‍. ഈ കേസിലെ വസ്തുതകള്‍ എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിജീവിതയ്ക്ക് കുറ്റാരോപിതനോടുള്ള വൈകാരികമായ അടുപ്പവും അവരുടെ ഇപ്പോഴത്തെ കുടുംബജീവിതവും കണക്കിലെടുത്താണ് സമ്പൂര്‍ണനീതി നടപ്പാക്കാനായി ഭരണഘടനയുടെ 142-ാം വകുപ്പുപ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കൗമാരക്കാരികളെ ഹൈക്കോടതി സദാചാരം പഠിപ്പിച്ച വിവാദ കേസ്

പ്രതിയെ വിട്ടയച്ചുകൊണ്ട് കല്‍ക്കട്ട ഹൈക്കോടതി 2023-ല്‍ നടത്തിയ വിവാദപരാമര്‍ശങ്ങളേത്തുടര്‍ന്നാണ് കേസ് ആദ്യമായി സുപ്രീം കോടതിക്കു മുന്നിലെത്തിയത്. വിചാരണക്കോടതി വിധിച്ച 20 വര്‍ഷം തടവുശിക്ഷ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നടത്തിയ സദാചാരനിരീക്ഷണങ്ങള്‍ വ്യാപകവിമര്‍ശനത്തിനിടയാക്കിയിരുന്നു.

കൗമാരക്കാരായ പെണ്‍കുട്ടികള്‍ ലൈംഗികാഗ്രഹം നിയന്ത്രിക്കണമെന്നും സമൂഹം അവരെയാണ് നഷ്ടം സംഭവിച്ചവരായി കണക്കാക്കുക എന്നുമായിരുന്നു കോടതി നിരീക്ഷണം. ഇതേത്തുടര്‍ന്ന് കേസ് സ്വമേധയാ പരിഗണിച്ച സുപ്രീം കോടതി, പ്രതിയെ കുറ്റമുക്തനാക്കിയ വിധി മാത്രമല്ല, അതോടനുബന്ധിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളും പുനഃപരിശോധിച്ചു. 2024 ഓഗസ്റ്റ് 20-ന് ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി, പ്രതി കുറ്റക്കാരനെന്നു കണ്ടെത്തി. എന്നാല്‍, ശിക്ഷ ഉടന്‍ വിധിച്ചില്ല. പകരം, അതിജീവിതയുടെ മാനസികാവസ്ഥ ഉള്‍പ്പെടെ വിലയിരുത്തുന്നതിനായി വിദഗ്ധസമിതി രൂപീകരിക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

പ്രതിക്കൊപ്പം കുടുംബജീവിതം നയിക്കാനുള്ള തീരുമാനം പെണ്‍കുട്ടി പൂര്‍ണബോധ്യത്തോടെ, സ്വമേധയാ കൈക്കൊണ്ടതാണെന്നായിരുന്നു കഴിഞ്ഞമാസം മൂന്നിന് സമിതി സുപ്രീം കോടതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം പെണ്‍കുട്ടിയോട് സംസാരിച്ച കോടതി, അവള്‍ക്കു സാമ്പത്തികസഹായം ആവശ്യമുണ്ടെന്നും കണ്ടെത്തി. പത്താം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയശേഷം പെണ്‍കുട്ടിക്കു തൊഴില്‍പരിശീലനമോ താത്കാലികജോലിയോ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Ads by Google
Saturday 24 May 2025 02.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google