Tuesday, March 24, 2026 Last Updated 1 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 24 May 2025 01.52 PM

കൊടുങ്കാറ്റില്‍പെട്ട വിമാനത്തിനോടും ക്രൂരത ; ശ്രീനഗറിലേക്കുള്ള പോയ ഇന്‍ഡിഗോ വിമാനത്തിന് പാക് വ്യോമമേഖലയില്‍ അനുമതി നിഷേധിച്ചു

uploads/news/2025/05/782737/indigo.jpg

ന്യൂഡല്‍ഹി: യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ട് ഇന്‍ഡിഗോ വിമാനം. അപകടം ഒഴിവാക്കാനായി പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടതോടെ യാത്രക്കാര്‍ നേരിട്ടതു കടുത്ത പരീക്ഷണം. ബുധനാഴ്ച രാത്രി ഡല്‍ഹിയില്‍നിന്നു ശ്രീനഗറിലേക്കുള്ള പോയ ഇന്‍ഡിഗോ വിമാനമാണ് പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് അപകടാവസ്ഥയിലായത്.

പഞ്ചാബിലെ പത്താന്‍കോട്ടിനടുത്ത്, 86,000 അടി ഉയരത്തില്‍ പറക്കവേ കൊടുങ്കാറ്റിലും ആലിപ്പഴ വര്‍ഷത്തിലുംപെട്ട് വിമാനം ആടിയുലഞ്ഞു. അപകടം ഒഴിവാക്കാനായി ഇന്‍ഡിഗോ വിമാനം പാക് വ്യോമപാതയിലേക്കു പ്രവേശിക്കാന്‍ അനുമതി തേടിയെങ്കിലും ഇന്ത്യന്‍ വ്യോമസേനയുടെ നോര്‍ത്തേണ്‍ കണ്‍ട്രോളും പാകിസ്താനിലെ ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളും അനുമതി നിഷേധിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അറിയിച്ചു. സംഭവത്തെക്കുറിച്ച് ഡി.ജി.സി.എ. അന്വേഷണം ആരംഭിച്ചു.

അനുമതി നിഷേധിക്കപ്പെട്ടതോടെ ഡല്‍ഹിയിലേക്കു മടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും ശ്രീനഗറിലേക്കു തന്നെ പോകാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ശക്തമായ കാറ്റും ആലിപ്പഴവര്‍ഷവും നിറഞ്ഞ അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലേക്കാണു വിമാനം പ്രവേശിച്ചത്. പരിഭ്രാന്തരായ യാത്രക്കാര്‍ നിലവിളിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിലെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ യാത്രക്കാര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

ഒരു ഘട്ടത്തില്‍, വിമാനം മിനിറ്റില്‍ 8,500 അടി വേഗതയില്‍ കുത്തനെ ഇറങ്ങിയതായും ഡി.ജി.സി.എ. അറിയിച്ചു. പ്രതികൂല കാലാവസ്ഥയില്‍നിന്നു പുറത്തുകടക്കുംവരെ പൈലറ്റുമാര്‍ സ്വമേധയാ വിമാനം പറത്തുകയായിരുന്നു. പിന്നീട് ശ്രീനഗര്‍ എ.ടി.സിയിലേക്ക് അടിയന്തര സന്ദേശം നല്‍കിയശേഷം സുരക്ഷിതമായി വിമാനമിറക്കി. ആര്‍ക്കും പരുക്കില്ലെന്നും ഡി.ജി.സി.എ. അറിയിച്ചു. വിമാനത്തിനു ചെറിയതോതില്‍ തകരാറുണ്ട്്. 220 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്.

Ads by Google
Saturday 24 May 2025 01.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google