തിരുവനന്തപുരം: കെപിസിസിയിൽ പുനഃസംഘടനയുണ്ടാകുമെന്ന വാര്‍ത്ത തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനയുകയാണെന്നും പുനഃസംഘടനയില്ലെന്നും അത്തരമൊരു ചര്‍ച്ച ഇന്നലത്തെ യോഗത്തിലുണ്ടായിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു. ഇന്നലത്തെ യോഗത്തിൽ പുനഃസംഘടനക്കുള്ള തീരുമാനമെടുത്തെന്നാണ് വാര്‍ത്ത. അത്തരമൊരു കാര്യം ഉണ്ടായിട്ടില്ല. നേതാക്കളെ മറികടന്ന് ഹൈക്കമാന്‍ഡ് പുനഃസംഘടന നടത്തുമെന്നാണ് വാര്‍ത്തയെന്നും ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും ഉചിതമായ സമയത്ത് നേതൃത്വം അതേക്കുറിച്ച് തീരുമാനിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. ദേശീയപാതയിലെ തകര്‍ച്ചയിൽ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി മുഹമ്മദ് റിയാസിനും വിഡി സതീശൻ മറുപടി നൽകി.
ദേശീയപാതയിൽ തകര്‍ന്ന സ്ഥലങ്ങളിലെല്ലാം പോയി റീൽസ് ഇടാൻ മന്ത്രി റിയാസിനെ വിഡി സതീശൻ വെല്ലുവിളിച്ചു. റീൽസ് ഇനി തുടരുമെന്നാണ് പൊതുമരാമത്ത് മന്ത്രി റിയാസ് പറയുന്നത്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ആ മുതൽ ക്ഷ വരെ കേരളത്തിന് ബന്ധമില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ദേശീയപാതയിൽ 50ലധികം സ്ഥലങ്ങളിൽ വിള്ളലുണ്ട്. അവിടെയൊക്കെ പോയി പൊതുമരാമത്ത് മന്ത്രി റീൽസ് ഇടട്ടെ.