Tuesday, March 24, 2026 Last Updated 58 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
ജെബി പോള്‍
Wednesday 21 May 2025 10.28 AM

മുല്ലപ്പെരിയാര്‍: വനംവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം; മരം മുറിക്കാന്‍ തിടുക്കം വേണ്ട

uploads/news/2025/05/782206/mullapperiyar-dam.jpg

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, പദ്ധതിപ്രദേശത്തെ മരങ്ങള്‍ തിടുക്കത്തില്‍ മുറിക്കേണ്ടെന്നു വനംവകുപ്പിനു സര്‍ക്കാര്‍ നിര്‍ദേശം. മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടിയുള്ള തമിഴ്‌നാടിന്റെ അപേക്ഷയില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, വിധി തെറ്റിദ്ധരിച്ച് തിടുക്കത്തില്‍ തീരുമാനം പാടില്ലെന്നും സര്‍ക്കാരുമായി കൂടിയാലോച്ചശേഷം മതിയെന്നുമാണ് വനംവകുപ്പിനുള്ള നിര്‍ദേശം.

കേരളത്തിന്റെ ശിപാര്‍ശ ലഭിച്ചാല്‍, കേന്ദ്രസര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണു സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍, മരം മുറിക്കാന്‍ അനുമതി കൊടുക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചിട്ടില്ലെന്നാണ് സംസ്ഥാനസര്‍ക്കാരിനു ലഭിച്ച നിയമോപദേശം. അതിനാല്‍, വനം മേധാവിയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും സംസ്ഥാനസര്‍ക്കാരുമായി കൂടിയാലോചിച്ചേ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തീരുമാനമറിയിക്കാവൂ. കേന്ദ്രമാണു സുപ്രീം കോടതിയില്‍ മറുപടി നല്‍കേണ്ടത്.

മരം മുറിക്കുന്ന കാര്യത്തില്‍ സംസ്ഥാനതാത്പര്യം സംരക്ഷിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണ്. അണക്കെട്ട് സ്ഥിതിചെയ്യുന്നതു കേരളത്തിലാണ്. എന്നാല്‍, അവിടെ ഒരു പ്രവര്‍ത്തനവും തമിഴ്‌നാട് അനുവദിക്കുന്നില്ലെന്നു കേരളം ആരോപിക്കുന്നു. അണക്കെട്ടിനു സമീപത്തെ 23 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് നല്‍കിയ അപേക്ഷ കേരളം നേരത്തേ നിരസിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ 14-ന് തമിഴ്‌നാട് പുതിയ അപേക്ഷ നല്‍കിയത്. ഇതില്‍ തീരുമാനമെടുക്കാന്‍ 35 ദിവസം സാവകാശമുണ്ടെന്ന കേരളത്തിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. രണ്ടാഴ്ചയ്ക്കകം തമിഴ്‌നാടിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, ഇത് മരം മുറിക്കാന്‍ അനുമതി നല്‍കണമെന്ന നിര്‍ദേശമല്ലെന്നാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.

Ads by Google
ജെബി പോള്‍
Wednesday 21 May 2025 10.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google