Tuesday, March 24, 2026 Last Updated 59 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 May 2025 10.23 AM

ഇരുപത്തഞ്ച് യുവാക്കളെ വിവാഹംകഴിച്ചശേഷം ആഭരണങ്ങളും പണവും കവര്‍ന്നെടുത്തു മുങ്ങി; 'കൊള്ളയടിക്കുന്ന വധു' എന്നറിയപ്പെടുന്ന യുവതി പിടിയില്‍

uploads/news/2025/05/782204/paswan.jpg

ജയ്പുര്‍: വിവിധ സംസ്ഥാനങ്ങളിലായി ഇരുപത്തഞ്ച് യുവാക്കളെ വിവാഹംകഴിച്ചശേഷം ആഭരണങ്ങളും പണവും കവര്‍ന്നെടുത്തു മുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയില്‍. 'കൊള്ളയടിക്കുന്ന വധു' എന്നറിയപ്പെടുന്ന അനുരാധ പസ്വാനെയാണ് മധ്യപ്രദേശില്‍നിന്ന് രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പലരെയും കബളിപ്പിച്ച വിവാഹത്തട്ടിപ്പുകാരിയെ വിവാഹാലോചനയുമായി സമീപിച്ചാണ് സവായ് മധോപുര്‍ പോലീസ് വലയിലാക്കിയത്. വിവാഹത്തിനുശേഷം കുറച്ചുദിവസം വരന്റെ വീട്ടില്‍ താമസിച്ച് വിശ്വാസംനേടിയെടുത്തശേഷമാണ് അനുരാധ പണവും ആഭരണങ്ങളുമായി മുങ്ങുന്നതെന്നു പോലീസ് പറഞ്ഞു. വരനും വീട്ടുകാര്‍ക്കും ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി മയക്കിക്കിടത്തിയശേഷമാണ് അനുരാധയുടെ 'ഓപ്പറേഷന്‍'. അനുരാധയുടെ സംഘാംഗങ്ങള്‍തന്നെയാണ് വിവാഹാലോചനയുമായി പുരുഷന്‍മാരുടെ വീട്ടുകാരെ സമീപിക്കുന്നതും വിവാഹം ഉറപ്പിക്കുന്നതും. ഇതിനായി വരന്റെ വീട്ടുകാരില്‍നിന്ന് രണ്ടു ലക്ഷം രൂപ ബ്രോക്കര്‍ ഫീസായി ഈടാക്കുകയും ചെയ്യും.

ഇതിനു പിന്നാലെ വിവാഹത്തിനുശേഷം വീട്ടിലെ പണവും സ്വര്‍ണവും ഉള്‍പ്പെടെ തട്ടിയെടുത്ത് 'നവവധു' മുങ്ങുകയും ചെയ്യും. കുറച്ചുനാളുകള്‍ക്കുശേഷം മറ്റൊരു സ്ഥലത്ത് മറ്റൊരു പേരില്‍ അനുരാധ പസ്വാനും സംഘവും പ്രത്യക്ഷപ്പെടുകയും തട്ടിപ്പ് ആവര്‍ത്തിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സവായ് മധോപുര്‍ സ്വദേശിയായ വിഷ്ണു ശര്‍മയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മധ്യപ്രദേശില്‍നിന്ന് അനുരാധയെ രാജസ്ഥാന്‍ പോലീസ് അതിവിദഗ്ധമായി കുടുക്കിയത്.

ഭോപ്പാല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍തട്ടിപ്പ് സംഘത്തിലെ അംഗമാണ് അനുരാധയെന്നു പോലീസ് പറഞ്ഞു. അന്വേഷണസംഘത്തിലെ പോലീസുകാരനെ വിവാഹം ആലോചിക്കുന്ന യുവാവായി അവതരിപ്പിച്ചാണ് പോലീസ് കെണിയൊരുക്കിയത്. ഇതില്‍ തട്ടിപ്പ് സംഘം വീഴുകയും വിവാഹദല്ലാള്‍മാര്‍ മുഖേനെ അനുരാധ പസ്വാനെ കണ്ടെത്തുകയുമായിരുന്നു. സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും രാജസ്ഥാന്‍ പോലീസ് അറിയിച്ചു.

Ads by Google
Wednesday 21 May 2025 10.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google