Tuesday, March 24, 2026 Last Updated 1 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 May 2025 10.07 AM

ഒരു ദിവസം മുമ്പ് ഓടിക്കളിച്ച വീടിന്റെ മുറ്റത്തേക്കു കല്യാണിയുടെ ചേതനയറ്റ ശരീരം ; നാടൊന്നാകെ വിതുമ്പി, സങ്കടക്കടലില്‍ കല്യാണിക്ക് വിട

uploads/news/2025/05/782200/kalyani.jpg

കോലഞ്ചേരി: പെറ്റമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കുഞ്ഞ് ഇനി നാടിന്റെ ഹൃദയക്കൂട്ടില്‍ എന്നുമൊരു നൊമ്പരം. ഒരു ദിവസം മുമ്പ് ഓടിക്കളിച്ച വീടിന്റെ മുറ്റത്തേക്കു കല്യാണിയുടെ ചേതനയറ്റ ശരീരം എത്തിച്ചപ്പോള്‍ നാടൊന്നാകെ വിതുമ്പി. ഏറ്റവും സുരക്ഷിതമാണെന്ന് കരുതിയ പെറ്റമ്മയില്‍നിന്നുതന്നെ മരണമേറ്റുവാങ്ങിയ കല്യാണിയെന്നന്മ പിഞ്ചോമനയുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികളെല്ലാം പൂര്‍ത്തിയാക്കി ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് മറ്റക്കുഴിയിലെത്തിച്ചത്. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം തിരുവാണിയൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

മറ്റക്കുഴി കീഴ്പ്പിള്ളില്‍ സുഭാഷിന്റെ മകളാണ് നാലു വയസുകാരി കല്യാണി. മാനസിക വിഭ്രാന്തിയുള്ള അമ്മ സന്ധ്യയോടൊപ്പം കഴിഞ്ഞ 19 ന് അംഗന്‍വാടിയില്‍നിന്ന് പോന്നശേഷം കാണാതായ കല്യാണിയുടെ മൃതദേഹം അമ്മ വീടിനടുത്തുള്ള ചാലക്കുടിയാറ്റിലെ പാറക്കടവ് പഞ്ചായത്തിലെ മൂഴിക്കുളം പാലത്തിനടിയില്‍ തൂണിനോട് ചേര്‍ന്ന് ചെളിയില്‍ പുതഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ കൃത്യം ചെയ്തതായി സമ്മതിച്ച കുറുമശ്ശേരി മാക്കോലില്‍ വീട്ടില്‍ ഷാജിയുടെ ഇളയമകള്‍ സന്ധ്യയെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്.

ആലുവ കുഞ്ഞുണ്ണിക്കരയിലെ മുങ്ങല്‍വിദഗ്ധരായ സ്‌കൂബ ടീം മണിക്കൂറുകളോളം കുത്തൊഴുക്കിനെ അതിജീവിച്ച് നടത്തിയ സാഹസിക തെരച്ചിലിനിടയില്‍ ഇന്നലെ പുലര്‍ച്ചെ 2.20ന് ആണ് മൃതദേഹം കണ്ടെടുത്തത്. 19 നു സന്ധ്യയോടെ മൂഴിക്കുളം പാലത്തില്‍നിന്ന് അജ്ഞാതയായ യുവതി ഭാരമുള്ള എന്തോ പുഴയില്‍ എറിയുന്നത് വഴിയാത്രക്കാരില്‍ ചിലര്‍ കണ്ടിരുന്നുവെങ്കിലും എന്താണെന്ന് വ്യക്തമാകാതിരുന്നതില്‍ അതു കാര്യമാക്കിയിരുന്നില്ല. ബസ് കണ്ടക്ടര്‍, ഓട്ടോറിക്ഷക്കാര്‍, ഏതാനും വഴിയാത്രക്കാര്‍ അടക്കം യുവതി മൂഴിക്കുളം പാലത്തിലേക്ക് കുട്ടിയെയും കൊണ്ട് പോകുന്നത് കണ്ടിരുന്നുവത്രെ. ചെങ്ങമനാട് പോലീസ് സ്‌റ്റേഷന്റെ പരിധിയിലാണ് സംഭവമുണ്ടായത്.

ഇതേത്തുടര്‍ന്ന് ചെങ്ങമനാട് എസ്.എച്ച്.ഒ: സോണി മത്തായി മണിക്കൂറോളം യുവതിയെ ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഏറ്റവും ഒടുവില്‍ കുട്ടിയെ താന്‍ ഉപേക്ഷിച്ചുവെന്ന് പറഞ്ഞതോടെയാണ് പോലീസ് സ്‌കൂബ ടീമിനെ വിളിച്ചുവരുത്തി ചാലക്കുടിപ്പുഴയില്‍ തെരച്ചില്‍ നടത്തിയത്. 19 ന് ഉച്ചകഴിഞ്ഞ് 3.30 ന് ആണ് മറ്റക്കുഴിയിലെ അംഗന്‍വാടിയില്‍നിന്ന് സന്ധ്യ കുട്ടിയെ കൊണ്ടു പോന്നത്. അക്കാര്യം സുഭാഷ് അറിഞ്ഞിരുന്നില്ല. മറ്റക്കുഴിയില്‍നിന്ന് തൃപ്പൂണിത്തുറ തിരുവാങ്കുളം വരെ ഓട്ടോയിലാണ് അമ്മയും കുഞ്ഞുമെത്തിയത്. അതിനുശേഷം സ്വകാര്യ ബസിലായിരുന്നു യാത്ര.

കല്യാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് വീട്ടുമുറ്റത്തെത്തിയപ്പോള്‍ അതുവരെ ദുഃഖം കടിച്ചമര്‍ത്തിയവര്‍ക്കും നിയന്ത്രിക്കാനായില്ല. പ്രദേശം സങ്കടക്കടലായി മാറുകയായിരുന്നു. പിഞ്ചുമകളുടെ മൃതദേഹത്തിനരികില്‍ ദുഃഖം അണപൊട്ടി പിതാവ് സുഭാഷും കുഞ്ഞു സഹോദരിയെ കണ്ട് ജ്യേഷ്ഠന്‍ കാശിനാഥും നില്‍ക്കുന്നുണ്ടായിരുന്നു. നാടിന്റെ നാനാ ദിക്കുകളില്‍ നിന്നെത്തിയ നിരവധിയാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. അംഗന്‍വാടിയില്‍ നിന്നും എത്തിയ കൊച്ചു കൂട്ടുകാരും ജീവനക്കാരും തങ്ങളോടൊപ്പം മണിക്കൂറുകള്‍ക്ക് മുമ്പ് വരെ ഉണ്ടായിരുന്ന കല്യാണിയുടെ ചേതനയറ്റ ശരീരം കണ്ട് ദുഃഖം സഹിക്കാനാകാതെ വിതുമ്പി.

Ads by Google
Wednesday 21 May 2025 10.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google