Tuesday, March 24, 2026 Last Updated 1 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 May 2025 12.18 PM

കാറിനു മുകളില്‍ ആറുവരിപ്പാതയുടെ സംരക്ഷണഭിത്തി പതിച്ചു ; വലിയ ദുരന്തമാകാതിരുന്നത് പാതയില്‍ ഉച്ചസമയത്ത് വാഹനങ്ങള്‍ കുറവായതിനാല്‍

uploads/news/2025/05/782033/road.jpg

മലപ്പുറം: ദേശീയപാതയില്‍ (എന്‍.എച്ച് 66) മലപ്പുറം കൂരിയാടിനും കൊളപ്പുറത്തിനുമിടയില്‍ നിര്‍മാണത്തിലിരിക്കുന്ന ആറുവരിപ്പാത ഇടിഞ്ഞുവീണ് കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ക്കു പരുക്ക്. നാലു കാറുകളും തകര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കൂരിയാട് സര്‍വീസ് സ്‌റ്റേഷനു സമീപം ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞ് സര്‍വീസ് റോഡിലേക്കു വീഴുകയായിരുന്നു.

ഈസമയം ഇതുവഴി യാത്രചെയ്തിരുന്ന കാറിനു മുകളില്‍ ആറുവരിപ്പാതയുടെ സംരക്ഷണഭിത്തി പതിച്ചു. വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച രണ്ടു കാറുകളുള്‍പ്പെടെ നാലു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. കാര്‍ യാത്രക്കാരായ വെളിമുക്ക് സൗത്ത് മൂന്നിയൂര്‍ കൊല്ലഞ്ചേരി ഷംസുദ്ദീന്‍ (54), ഭാര്യ റസിയ (49), മകള്‍ നജ ഫാത്തിമ (15), മരുമകള്‍ റിഷാന (22), ഇവരുടെ മകന്‍ ഐദിന്‍ ഹാഷിഫ് (മൂന്ന്), ഷംസുദ്ദീന്റെ സഹോദരി നസീമ, നസീമയുടെ മക്കളായ അഫ്രിന്‍ ഫാത്തിമ, മെഹറിന്‍ ഫാത്തിമ എന്നിവര്‍ക്കാണു പരുക്കേറ്റത്.

ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ആറുവരിപ്പാത തൃശൂര്‍ ഭാഗത്തേക്കു മാത്രമേ ഇവിടെ തുറന്നുകൊടുത്തിട്ടുള്ളൂ. കോഴിക്കോടു ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ വയല്‍ കഴിയുന്നതുവരെ സര്‍വീസ് റോഡിലൂടെയാണു പോകുന്നത്. അപകടം ഉച്ചയ്ക്ക് വാഹനങ്ങള്‍ കുറവുള്ള സമയത്തായതിനാല്‍ വലിയ ദുരന്തം ഒഴിവായി.

അപകടത്തെത്തുടര്‍ന്ന് അര കിലോമീറ്ററോളം ദൂരത്തില്‍ റോഡ് തകര്‍ന്നു. ദേശീയപാത വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് ഇടയാക്കിയതെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ റോഡ് ഉപരോധിച്ചു. വേങ്ങര എസ്.എച്ച്.ഒ. രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. അപകടത്തില്‍പ്പെട്ട കാറുകള്‍ ഏറെ സാഹസപ്പെട്ടാണു മാറ്റാനായത്.

Ads by Google
Tuesday 20 May 2025 12.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google