ന്യൂഡല്‍ഹി : ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിംഗ്‌സ് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിലെ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ പത്ത് വിക്കറ്റിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സാണ് സീസണില്‍ ആദ്യമായി പ്ലേ ഓഫിന് യോഗ്യത നേടിയത്. ഗുജറാത്തിന് പിന്നാലെ പഞ്ചാബ് കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ആദ്യ നാലില്‍ ഇടം പിടിക്കുകയായിരുന്നു.
നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പഞ്ചാബിന് ഐപിഎല്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനായത്. 2014ലാണ് പഞ്ചാബ് ഇതിന് മുന്‍പ് ഐപിഎല്ലിലെ ആദ്യ നാലില്‍ ഇടംപിടിച്ചത്.
Playoffs Calling 📞 🤩A long wait ends for Punjab Kings as they secure the all-important 𝐐 ❤Will they clinch a 🔝 2️⃣ finish? #TATAIPL | #DCvGT | @PunjabKingsIPL pic.twitter.com/s12W5GOvwP— IndianPremierLeague (@IPL) May 18, 2025
അതേസമയം പഞ്ചാബിനെ പ്ലേ ഓഫിലെത്തിച്ചതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ മൂന്ന് വ്യത്യസ്ത ടീമുകളെ പ്ലേ ഓഫിലെത്തിച്ച ആദ്യത്തെ ക്യാപ്റ്റനായാണ് ശ്രേയസ് അയ്യര്‍ മാറിയത്. ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ പഞ്ചാബിനെയും ശ്രേയസ് ഐപിഎല്‍ പ്ലേ ഓഫിലേക്ക് നയിച്ചത്.
2020ലാണ് ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പ്ലേ ഓഫിലേക്ക് നയിച്ചത്. ഡല്‍ഹിയുടെ ചരിത്രത്തില്‍ തന്നെ ഒരേയൊരു തവണ ഫൈനല്‍ കളിച്ചതും 2020ല്‍ ക്യാപ്റ്റന്‍ ശ്രേയസിന് കീഴിലാണ്. പക്ഷേ കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിനോട് അഞ്ച് വിക്കറ്റിന് ഡല്‍ഹിയ്ക്ക് അടിയറവ് പറയേണ്ടിവന്നു. 2022ലെ മെഗാ ലേലത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ട് ശ്രേയസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തട്ടകത്തിലെത്തുന്നത്. 2023 സീസണില്‍ ശ്രേയസ് കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തെങ്കിലും പരിക്ക് വില്ലനായതോടെ സീസണ്‍ നഷ്ടമായി. 2024ല്‍ മടങ്ങിയെത്തിയ ശ്രേയസ് കൊല്‍ക്കത്തയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു.
LADIES AND GENTLEMAN - MEET SHREYAS IYER, THE FIRST CAPTAIN IN HISTORY TO TAKE 3 DIFFERENT TEAMS TO PLAYOFFS. 🥶 pic.twitter.com/NJKlgCP3F4— Mufaddal Vohra (@mufaddal_vohra) May 18, 2025
ഈ സീസണിലാണ് ശ്രേയസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ട് പഞ്ചാബ് കിംഗ്‌സിന്റെ ഭാഗമാവുന്നത്. 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്‌സ് ശ്രേയസിനെ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ കളിക്കാരനായി ശ്രേയസ് മാറി. ബാറ്റുകൊണ്ടും ക്യാപ്റ്റന്‍സി മികവ് കൊണ്ടും ശ്രേയസ് സീസണിന്റെ തുടക്കത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായി മാറി. പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ ടീമിനെ മുന്നില്‍ നിന്ന് നയിച്ച ശ്രേയസ് ആണ്, നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് പഞ്ചാബിനെ പ്ലേ ഓഫ് വരെയെത്തിച്ചിരിക്കുന്നത്.