Tuesday, March 24, 2026 Last Updated 17 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Monday 19 May 2025 02.19 PM

സര്‍ക്ക്യൂട്ട് നിര്‍മാണം, സെന്‍സറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം; പത്താം ക്ലാസില്‍ വിദ്യാര്‍ഥികള്‍ ഇനി റൊബോട്ടിക്‌സ് പഠിക്കണം

uploads/news/2025/05/781844/rebotrics.jpg

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികള്‍ക്ക് റൊബോട്ടിക്‌സ് പഠിക്കാന്‍ അവസരം. രാജ്യത്താദ്യമായാണ് 10 -ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് റൊബോട്ടിക്‌സ് സിലബസിന്റെ ഭാഗമാകുന്നത്. റൊബോട്ടിക്‌സ് പഠിക്കാനും അതില്‍ പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും പുതിയ അധ്യയന വര്‍ഷം അവസരം ലഭിക്കും. സര്‍ക്ക്യൂട്ട് നിര്‍മാണം, സെന്‍സറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് വഴി ഇലക്‌ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ റൊബോട്ടിക്‌സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കും.

കഴിഞ്ഞ അക്കാദമിക വര്‍ഷം രാജ്യത്താദ്യമായി ഏഴാം ക്ലാസില്‍ മുഴുവന്‍ കുട്ടികള്‍ക്കും നിര്‍മിത ബുദ്ധി(എ.ഐ) പഠിക്കാന്‍ ഐ.സി.ടി. പാഠപുസ്തകത്തില്‍ അവസരം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം പുതിയ 8, 9, 10 ക്ലാസിലെ ഐസിടി പാഠപുസ്തകങ്ങളിലും എഐ പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിറ്റില്‍ കൈറ്റ്‌സ് കുട്ടികള്‍ക്കായി കഴിഞ്ഞ വര്‍ഷം നടത്തിയ റൊബോട്ടിക്‌സ് പാഠ്യപദ്ധതിയുടെ അനുഭവം കൂടി ഉള്‍ക്കൊണ്ടാണ് പുതിയ പാഠപുസ്തകത്തിലൂടെ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഈ വര്‍ഷം റൊബോട്ടിക്‌സ് പഠനത്തിന് അവസരം ലഭിക്കുന്നത്. സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ ഇതിനായി കൈറ്റ് വഴി 29,000 റൊബോട്ടിക് കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കിയതായി മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു.

സ്‌കൂളുകള്‍ക്ക് നല്‍കിയ റൊബോട്ടിക് കിറ്റിലെ ആര്‍ഡിനോ ബ്രഡ് ബോര്‍ഡ്, ഐ.ആര്‍. സെന്‍സര്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ എന്ന ഉപകരണം തയാറാക്കലാണ് പാഠപുസ്തകത്തിലെ കുട്ടികള്‍ക്കുള്ള ആദ്യ പ്രവര്‍ത്തനം. തുടര്‍ന്ന് എ.ഐ. ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷന്‍ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാര്‍ട്ട് വാതിലുകളും കുട്ടികള്‍ തയാറാക്കുന്നു. ഐ.സി.ടി. പാഠപുസ്തകം മലയാളം, ഇംഗ്ലഗ്ലീഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിലായി എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കും.

പത്താം ക്ലാസിലെ പുതിയ ഐ.സി.ടി. പാഠപുസ്തകത്തിന്റെ ആദ്യഘട്ട പരിശീലനം ഇതുവരെ 9,924 അധ്യാപകര്‍ക്ക് കൈറ്റ് നല്‍കി. ജൂലൈ മാസം റൊബോട്ടിക്‌സില്‍ മാത്രമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും, കൂടുതല്‍ റൊബോട്ടിക് കിറ്റുകള്‍ ആവശ്യമായ സംസ്ഥാന സിലബസ് പിന്തുടരുന്ന അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഉള്‍പ്പെടെ അവ ലഭ്യമാക്കാനും കൈറ്റ് സംവിധാനം ഏര്‍പ്പെടുത്തും.

Ads by Google
Monday 19 May 2025 02.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google