കണ്ണൂര്‍ : സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. പുലിയെ കീഴടക്കി, സിംഹത്തെ കീഴടക്കിയെന്നൊക്കെ രാഗേഷ് പറയുന്നുവെന്നും എന്നാല്‍ കണ്ണൂരില്‍ കെ സുധാകരനോട് ദയനീയമായി പരാജയപ്പെട്ട നേതാവല്ലേ അദ്ദേഹമെന്നും രാഹുല്‍ പരിഹസിച്ചു. തനിക്ക് പുഷ്പചക്രം വയ്ക്കും എന്ന് കെ കെ രാഗേഷ് പറഞ്ഞത് ശരിയായില്ലെന്നും കൊന്നുകളയും എന്ന് പറഞ്ഞാല്‍ അയ്യോ കൊല്ലല്ലേ എന്ന് പറയുന്ന പ്രശ്‌നമില്ലെന്നും രാഹുല്‍ പറഞ്ഞു.
എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊന്ന കേസില്‍ കത്തി എന്തുകൊണ്ട് ഇതുവരെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും രാഹുല്‍ ചോദിച്ചു. യഥാര്‍ത്ഥ ചിത്രം പുറത്ത് വരാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ധീരജിനെ കൊന്ന കത്തി എവിടെയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും രാഹുല്‍ പറഞ്ഞു.
പാര്‍ട്ടി ജില്ലാ സെക്രട്ടറി പക്വതയുള്ള ഒരു പദവിയാണെന്നും കെ കെ രാഗേഷ് ആണോ കേരളത്തിലെ മരണവാറന്റുകളില്‍ ഒപ്പിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോള്‍ തനിക്ക് വികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'അക്രമം എന്നത് ഞങ്ങളുടെ രാഷ്ട്രീയമല്ല. പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക് സ്വൈര്യ ജീവിതമില്ല. പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക് മറ്റൊരു രാഷ്ട്രീയ ചോയ്‌സ് ഇല്ല. അടിമത്ത സംസ്‌കാരമാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍. ഇതിനേക്കാള്‍ അഹങ്കരിച്ച മണ്ണാണ് ബംഗാള്‍. പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനം ആദ്യം കൈവയ്ക്കുന്നത് സിപിഐഎമ്മിനെ ആയിരിക്കും', രാഹുല്‍ കൂട്ടിച്ചേര്‍ത്തു.