-->
തൃശൂര്‍: ജമാ അത്തെ ഇസ്‌ളാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കാമെന്നുള്ള പിണറായി വിജയന്റെയും വി.ഡി.സതീശന്റെയും ഡീല്‍ അവര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തണമെന്ന് ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍. പി.ഡി.പി., പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്തെ ഇസ്‌ളാമി എന്നിവര്‍ക്ക് വേണ്ടി സിപിഐഎമ്മും കോണ്‍ഗ്രസും ഡീല്‍ ഉണ്ടാക്കിയിരിക്കുകയാണെന്നും ജമാ അത്തെ ഇസ്‌ളാമിയുമായി ബന്ധം ഉണ്ടാക്കാന്‍ ഇവര്‍ മത്സരിക്കുയാണെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുടെ ആരോപണം ബി.ഗോപാലകൃഷ്ണനും ആവര്‍ത്തിക്കുന്നു.
ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണമെന്ന പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. ഗുരുവായൂരിലെ വികസനത്തില്‍ കേന്ദ്രത്തിന് ഒരു പങ്കുമില്ലെന്ന് പറയുന്ന കേരളസര്‍ക്കാര്‍ കേന്ദ്രം നല്‍കിയ സൗകര്യങ്ങള്‍ തകര്‍ക്കുകയാണ്. ഗുരുവായൂരിലെ വികസനവുമായി ബന്ധപ്പെട്ട് ഗുരുവായൂരിലെ എംഎല്‍എ ഉള്‍പ്പെടെ ഇടതുവലത് നേതാക്കളെ പരസ്യസംവാദത്തിന് ക്ഷണിക്കുന്നതായും ബി.ഗോപാലകൃഷ്ണന്‍ വയക്തമാക്കി. ഗുരുവായൂരില്‍ കുറഞ്ഞ ചെലവിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഡോര്‍മെറ്ററികള്‍ തകര്‍ത്തിട്ടിരിക്കുകയാണെന്നും വാഹനസൗകര്യം ചെയ്തിട്ടില്ലെന്നും ഗുരുവായൂരില്‍ എന്തു ചെയ്‌തെന്ന കാര്യത്തില്‍ സംവാദത്തിന് വിളിക്കുകയാണെന്നും പറഞ്ഞു.
നേരത്തേ ബി.ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് വന്നിരുന്നു. ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ വിദ്വേഷപരാമര്‍ശമായി താന്‍ കണക്കാക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ളയും ഗുരുവായൂരിലെ മോഷണവുമൊക്കെ വെച്ചുനോക്കുമ്പോള്‍ ഒരു ഹിന്ദു എംഎല്‍എ അവിടെ വരുന്നത് നല്ലതാണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും വത്തിക്കാനിലെ സെനറ്റില്‍ ഒരു മുസ്‌ളീ എംപി വരാനും മെക്കയില്‍ ഒരു ഹിന്ദു എംപിയും വരാന്‍ അവിടുള്ളവര്‍ സമ്മതിക്കുമോയെന്നും ബിജെപിക്കാര്‍ പറഞ്ഞാല്‍ അത് വിദ്വേഷവും മറ്റു മതക്കാര്‍ പറഞ്ഞാല്‍ അത് മതേതരത്വവുമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.