-->
കോഴിക്കോട് : പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഒന്നിലധികം തവണ മത്സരിച്ചപ്പോഴും മുസ്‌ളീംപ്രദേശങ്ങളില്‍ തനിക്ക് മറ്റു സ്ഥാനാര്‍ത്ഥിയെ അപേക്ഷിച്ച് വോട്ട് കൂടുതലായിരുന്നെന്ന് കോഴിക്കോട് സൗത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി രനീഷ്. കോഴിക്കോട് സൗത്തില്‍ മികച്ച വിജയം നേടുമെന്നു്‌ള ആത്മവിശ്വാസത്തോടെ ഉത്സവം നടക്കുന്ന ക്ഷേത്രങ്ങളും മറ്റും കേന്ദ്രീകരിച്ച് വോട്ട് തേടുന്ന തിരക്കിലാണ് രനീഷ്.
മുമ്പ് രണ്ടുതവണയും പാര്‍ട്ടിക്ക് ജയിക്കാന്‍ വിദൂര സാധ്യത പോലുമില്ലാത്ത വാര്‍ഡുകളിലാണ് രനീഷ് മത്സരിച്ച് വിജയം പിടിച്ചെടുത്തിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊറ്റമ്മലിലും പുതിയറയിലും വന്‍ വിജയം നേടിയാണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ കൗണ്‍സിലറായത്. ഇത്തവണ കോഴിക്കോട് സൗത്തില്‍ നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും പറഞ്ഞു.
മുമ്പ് പുതിയറയില്‍ താന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അത് സിപിഐഎമ്മിന്റെ സീറ്റായിരുന്നു. ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു അവിടെ വിജയിക്കാന്‍ സാധിച്ചു. അതിന് ശേഷം പൊറ്റമ്മല്‍ മത്സരിക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. അവിടെയും മത്സരിച്ചു. 47 വര്‍ഷമായി ഇടതുപക്ഷമല്ലാതെ മറ്റൊരു പാര്‍ട്ടിയും ജയിച്ചിട്ടില്ലാത്ത അവിടെ ജനങ്ങള്‍ തന്നെ വിജയിപ്പിച്ചു. ഇപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത് കോഴിക്കോട് സൗത്താണ്. അവിടെ ഇപ്പോള്‍ മത്സരിക്കുന്നു.
കോഴിക്കോട് സൗത്തില്‍ സാമുദായിക സമവാക്യത്തിന് പിന്നാലെ പോകുന്നില്ലെന്നും എല്ലാ മനുഷ്യരെയും ഒരുപോലെയാണ് കാണുന്നതെന്നും രനീഷ് പറഞ്ഞു. മുമ്പ് പ്രാദേശിക തെരഞ്ഞെടുപ്പില്‍ പുതിയറയില്‍ മത്സരിക്കുമ്പോള്‍ അവിടെ പടന്നയില്‍ ഭാഗത്ത് നിന്നുമാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. മുസ്‌ളീം ഭൂരിപക്ഷമുള്ള ഏരിയയാണ് ഇവിടം. 100 വോട്ടുകളാണ് അവിടെ കുടുതല്‍ കിട്ടിയത്. പൊറ്റമ്മലില്‍ കാട്ടുകുളങ്ങര എന്ന പ്രദേശമുണ്ട്. അവിടെയാണ് മുസ്‌ളീങ്ങള്‍ കൂടുതലുള്ളത്. അവിടെ വോട്ട് എണ്ണിയപ്പോഴും രനീഷ് മുന്നിലായിരുന്നു.
കുറ്റിച്ചിറയും പയ്യാറും മുഖദാറുമൊക്കെ വേട്ടെണ്ണുമ്പോള്‍ മുസ്‌ളീം ഭൂരിപക്ഷമുള്ള ഈ മേഖലയില്‍ താന്‍ മുന്നിലായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. കോഴിക്കോട് സൗത്തിലെ ജനങ്ങള്‍ അന്തമായ മതബോധത്തിലോ രാഷ്ട്രീയത്തിലോ വിശ്വസിക്കുന്നവരല്ല. മതവും ജാതിയുമൊക്കെ പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ബ്രിട്ടീഷുകാരുടെയൊക്കെ കാലങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തിലുള്ളവര്‍ സ്ഥാനാര്‍ഥിയെ നോക്കി വോട്ടുചെയ്യുന്നവരായി മാറിയിട്ടുള്ളതിനാല്‍ ഇവിടെ വിജയം സുനിശ്ചിതമാണെന്നും പറയുന്നു.