-->
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനും സിപിഐഎമ്മിനും ഏറ്റവും തിരിച്ചടിയായിരിക്കുന്നത് നേതാക്കളുടെ ബിജെപിയിലേക്കുള്ള കുത്തൊഴുക്ക്. ഇന്നലെ വരെ തങ്ങള്‍ക്കൊപ്പം സജീവമായി നിന്നിരുന്നവര്‍ ഈ രണ്ടു പാര്‍ട്ടിക്കപ്പുറം മൂന്നാമതൊരു ബദലായി കാണുന്നത് ബിജെപിയായി മാറിയതോടെ സംസ്ഥാന രാഷ്ട്രീയം അങ്കലാപ്പിലായിരിക്കുകയാണ്.
സി.പി.എമ്മിനും കോണ്‍ഗ്രസിനും ഒരുപോലെ ആഘാതമേല്‍പ്പിച്ചുകൊണ്ടാണ് പ്രമുഖരുടെ എന്‍ഡിഎയിലേക്കുള്ള കൊഴിഞ്ഞുപോക്ക്്. ഇക്കാര്യത്തിലെ ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് വര്‍ക്കലയിലെ സ്മിതാ സുന്ദരേശന്റെ ബിജെപിയിലേക്കുള്ള മാറ്റം. സ്മിത എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി വര്‍ക്കലയില്‍ മത്‌സരിക്കുന്നത് ഇടതുപക്ഷത്തിവന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
സി.പി.എം. നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായിരുന്ന പരേതനായ സുന്ദരേശന്റെ മകള്‍ അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍ ചേര്‍ന്നത് ഭരണകക്ഷിയെ ഞെട്ടിച്ചിട്ടുണ്ട്. മുന്‍ വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സ്മിതയുടെ മാറ്റം, കുടുംബവേരുകള്‍ സി.പി.എമ്മിലുറച്ച വ്യക്തിത്വങ്ങള്‍ പോലും പാര്‍ട്ടിയെ കൈവിടുന്നു എന്നതിന്റെ സൂചനയാണ്.
സിപിഐഎമ്മും കോണ്‍ഗ്രസും മാറിമാറി ഭരിക്കുന്ന കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയത്തിന് അന്ത്യം കുറിക്കണമെന്ന ആഗ്രഹിക്കുന്നവര്‍, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ ഇരകളാക്കപ്പെട്ടവര്‍, സി.പി.എമ്മിന്റെ പ്രാദേശിക ഘടകങ്ങളിലെ അവഗണന നേരിടുന്നവര്‍ എന്നിവല്ലൊമാണ് ബിജെപിയിലേക്ക് ഒഴുകുന്നത്. തിരുവനന്തപുരം ജില്ലയിലാണ് കഴിഞ്ഞ ദിവസം ഇടതുപക്ഷത്തെയും ഐക്യജനാധിപത്യ മുന്നണിയിലെയും കൊഴിഞ്ഞുപോക്ക് കണ്ടത്.
സ്മിത സുന്ദരേശന്‍ സിപിഐമ്മിനെ ഞെട്ടിച്ചപോലെ കോണ്‍ഗ്രസിന്റെ പാരമ്പര്യ കോട്ടകളില്‍ നിന്നും പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ദളിത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റും കഴിഞ്ഞ തവണ ചിറയിന്‍കീഴ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ബി.എസ്. അനൂപ് ബിജെപിയില്‍ ചേര്‍ന്നത് കഴിഞ്ഞദിവസമായിരുന്നു.
ഇത്തവണ അതേ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ് അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അരുണ്‍രാജ് ചടയമംഗലം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. കഴിഞ്ഞദിവസമാണ് അരുണ്‍രാജും ബിജെപി അംഗത്വം സ്വീകരിച്ച് രംഗത്ത് വന്നതും വാര്‍ത്താസമ്മേളനം നടത്തിയതും.
കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ആര്‍.ജെ.ഡി വിട്ട് ബിജെപിയിലെത്തിയ കോവളത്തെ നേതാവ് ടി.എന്‍. സുരേഷ്, പാലായിലും പൂഞ്ഞാറിലുമായി മത്സരിക്കുന്ന പി.സി. ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും എല്ലാം കേരളരാഷ്ട്രീയത്തിലെ വലിയ ചര്‍ച്ചയാണ്. അതുപോലെ തന്നെ മുന്നണി സംവിധാനത്തില്‍ ട്വന്റി ട്വന്റി പോലുള്ള പാര്‍ട്ടികള്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമായത് കിഴക്കമ്പലം മേഖലയിലും പരിസരങ്ങളിലും ബിജെപിക്ക് വലിയ രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന കാര്യമാണ്.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന നയങ്ങളോടുള്ള ആഭിമുഖ്യവും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയുമാണ് പുതിയ നേതാക്കളെ ആകര്‍ഷിക്കുന്നത്. കേരളത്തില്‍ ബിജെപിക്ക് കല്‍പ്പിക്കപ്പെട്ടിരുന്ന 'രാഷ്ട്രീയ അയിത്തം' അവസാനിച്ചുവെന്നും ഇത്തവണ നിയമസഭയില്‍ ഒന്നിലധികം സീറ്റുകള്‍ നേടി അക്കൗണ്ട് തുറക്കാനാകുമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആത്മവിശ്വാസം. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ പ്രമുഖര്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് സൂചനകള്‍.