Monday, March 23, 2026 Last Updated 12 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 23 Mar 2026 10.08 AM

ഇരുട്ടിവെളുത്തപ്പോള്‍ വര്‍ക്കലയില്‍ ബിജെപിയുടെ അപ്രതീക്ഷിത നീക്കം ; ഒരു ദശകത്തിന് ശേഷം സ്വന്തം സ്ഥാനാര്‍ത്ഥി

Varkala BJP

വര്‍ക്കല: ഒരു ദശകം നീണ്ട പ്രവര്‍ത്തനത്തിന് ശേഷം വര്‍ക്കല നിയമസഭാ സീറ്റില്‍ ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥിയെ പരിഗണിച്ചു. തിങ്കളാഴ്ച സ്മിതാ സുന്ദരേശന്‍ പത്രിക സമര്‍പ്പിക്കുന്നതോടെ വര്‍ക്കലയില്‍ പോരാട്ടം ചൂടുപിടിക്കുമെന്ന് ഉറപ്പായി. എന്‍.ഡി.എ. സഖ്യകക്ഷിയായ ബി.ഡി.ജെ.എസില്‍ നിന്ന് സീറ്റ് ഏറ്റെടുത്താണ് ബിജെപി ഈ അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്.

വര്‍ക്കലയില്‍ കൂടിക്കൊണ്ടിരിക്കുന്ന എന്‍ഡിഎ വോട്ടുകളില്‍ പ്രതീക്ഷ വെച്ചാണ് ബിജെപി ഇവിടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കിയിരിക്കുന്നത്. സി.പി.എം. ഏരിയാ കമ്മിറ്റിയംഗവും വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സ്മിതാ സുന്ദരേശനെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. സംഭവം സിപിഐഎമ്മിന്റെ പാളയത്തും ഞെട്ടല്‍ സൃഷ്ടിച്ചിരിക്കുകയാണ്.

സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് എസ്. സുന്ദരേശന്റെ മകളാണ് സ്മിത. ശനിയാഴ്ച എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. ജോയിക്കൊപ്പം പത്രിക നല്‍കാന്‍ പോയ സ്മിത, തൊട്ടടുത്ത ദിവസം ബി.ജെ.പി. സ്ഥാനാര്‍ഥിയായതാണ് ഞെട്ടിച്ചത്. ഇതോടെ വര്‍ക്കലയില്‍ ശക്തമായ മത്സരം നടക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ ലോക്‌സഭാ, നഗരസഭാ തിരഞ്ഞെടുപ്പുകളില്‍ വര്‍ക്കലയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞിരുന്നു.

ഈ കരുത്ത് നിയമസഭയിലും പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യം. ബി.ജെ.പി.യുടെ രാഷ്ട്രീയ തന്ത്രമായിരുന്നു സീറ്റ് ഏറ്റെടുക്കല്‍. ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥിയായി അഡ്വ. ശ്രീനിവാസന്‍ വേണുഗോപാലിനെ നിശ്ചയിച്ച ശേഷമാണ് സീറ്റ് തിരിച്ചെടുത്തത്. പ്രവര്‍ത്തകരുടെ പ്രതിഷേധവും വിജയസാധ്യതയും കണക്കിലെടുത്തായിരുന്നു ഈ നീക്കം. ഈ മുന്നണി മാറ്റം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.

വോട്ട് കൂടുന്ന സാഹചര്യത്തില്‍ ബി.ഡി.ജെ.എസ്. മത്സരിച്ചാല്‍ വോട്ട് കുറയുമെന്ന ആശങ്ക ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. നിരാശയും വോട്ട് മറിക്കുമെന്ന ഭീഷണിയുമാണ് സി.പി.എമ്മിലെ പ്രമുഖരെ തന്നെ അടര്‍ത്തിയെടുത്ത് പോരാട്ടം കടുപ്പിക്കാന്‍ ബിജെപി തീരുമാനിച്ചതിന് കാരണം. പാര്‍ട്ടിയില്‍ നിന്ന് നേരിട്ട അവഗണനയും ഭിന്നതകളുമാണ് സ്മിതയുടെ ഈ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW