-->
ആലപ്പുഴ: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചു. എല്‍.പി.ജി ലഭ്യതയിലുണ്ടായ കുറവിനൊപ്പം പാമോയില്‍ വിലയിലുണ്ടായ വര്‍ധനയും ഹോട്ടല്‍ മേഖലയ്ക്ക് തിരിച്ചടിയായി. ഇതേത്തുടര്‍ന്ന് പൊറോട്ടയ്ക്ക് മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്. നേരത്തെ ബിരിയാണിക്കും കറികള്‍ക്കും വില കൂട്ടിയിരുന്നു.
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് അടച്ച പല സ്ഥാപനങ്ങളും പിന്നീട് തുറന്നിട്ടില്ല. പ്രതിസന്ധി മറികടക്കാന്‍ ആവശ്യമെങ്കില്‍ വില വര്‍ധിപ്പിക്കാന്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 20 ശതമാനം പാചകവാതകം അധികമായി നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ലെന്നും ഇതില്‍ പ്രതിഷേധിച്ചു സമരം ശക്തമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
നിലവില്‍ തൊഴിലാളികളുടെ ചെലവിനുള്ള തുക കണ്ടെത്താന്‍ മാത്രമാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇന്ധനച്ചെലവ് കുറയ്ക്കാനായി കനലില്‍ ചുട്ടെടുക്കുന്ന അല്‍ഫാം പോലുള്ള വിഭവങ്ങളാണ് ഹോട്ടലുടമകള്‍ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നത്. കറികള്‍ ചൂടോടെ നിലനിര്‍ത്താന്‍ മണിക്കൂറുകളോളം ഗ്യാസ് കത്തിക്കുന്നത് ഒഴിവാക്കാന്‍ അറക്കപ്പൊടി ഉപയോഗിച്ചുള്ള കുറ്റി അടുപ്പുകളിലേക്ക് പലരും മാറിക്കഴിഞ്ഞു. വരും ദിവസങ്ങളിലും പ്രതിസന്ധി തുടര്‍ന്നാല്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് ഉടമകള്‍.