Sunday, March 22, 2026 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 22 Mar 2026 01.53 PM

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം : പിന്നാക്കക്കാരെ അവഗണിക്കുന്നെന്ന് ആക്ഷേപം ; ഏഴു ജില്ലകളിലും തഴഞ്ഞു

congress, candidacy, backward, classes, seven, districts

തിരുവനന്തപുരം: പുതിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ തലവേദനയായതും തിരിച്ചടിയായതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. സാധാരണഗതിയില്‍ സാമുദായിക സമതുലനാവസ്ഥയില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസ് ഇത്തവണ മത്സരരംഗത്തേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോള്‍ പിന്നാക്കരെ അവഗണിച്ചതായാണ് ഏറ്റവും പുതിയ വിമര്‍ശനം.

നേരത്തേ ഹൈക്കമാന്റിന് സംസ്ഥാനനേതൃത്വം തയ്യാറാക്കി നല്‍കിയ പട്ടികയില്‍ ഏഴു ജില്ലകളിലും പിന്നാക്കരെ സമ്പൂര്‍ണ്ണമായി തഴഞ്ഞെന്ന ശക്തമായ ആരോപണം. പിന്നാക്കരില്‍ പ്രബലരായി കണക്കാക്കുന്ന ഈഴവര്‍ക്ക് പോലും വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന വിമര്‍ശനത്തിനിടയില്‍ പ്രചരണത്തോടെ എല്ലാം പരിഹരിക്കാമെന്നാണ് കോണ്‍ഗ്രസ് നല്‍കിയ മറുപടി.

90 മുതല്‍ 95 സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഈഴവര്‍ക്ക് നല്‍കിയ പ്രാതിനിധ്യം വെറും ഒമ്പത് സീറ്റുകളാണെന്നാണ് ഈ സമുദായത്തില്‍ നിന്നുള്ള വിമര്‍ശനം. കഴിഞ്ഞ തവണ 11 സീറ്റുകള്‍ നല്‍കിയിടത്താണ് ഇത്തവണ രണ്ടു സീറ്റ് കുറഞ്ഞു. 2016 ല്‍ വിശ്വകര്‍മ്മ സമുദായത്തിന് പേരിന് ഒരു സീറ്റ് നല്‍കിയിരുന്നെങ്കില്‍ ഇത്തവണ അതുമില്ല. കാസര്‍ഗോഡ്, വയനാട്, മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് സമ്പൂര്‍ണ്ണ തഴയല്‍. തിരുവനന്തപുരത്തെ വര്‍ക്കലയില്‍ പോലും സീറ്റില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്് മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് അംഗീകരിച്ച പട്ടിക പാര്‍ട്ടി ഹൈക്കമാന്റിന് കൈമാറി. തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം എട്ടാം തീയതിയോടെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

തദ്ദേശ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംസ്ഥാനത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന ഈഴവര്‍ ഉള്‍പ്പെടെ പിന്നാക്ക സമുദായങ്ങളെ വെട്ടിനിരത്തിയത് കടുത്ത പ്രതിഷേധങ്ങള്‍ക്കും പരാജയത്തിനും ഇടയാക്കിയിരുന്നു. കേരളത്തില്‍ സര്‍വേ നടത്താന്‍ സംസ്ഥാനത്തിന് പുറത്തുള്ള മൂന്ന് ഏജന്‍സികളെയാണ് എഐസിസി നിയോഗിച്ചത്.

അധികാരത്തില്‍ തിരിച്ചെത്തണമെങ്കില്‍ പിന്നാക്കക്കാരെ ഒപ്പം നിര്‍ത്തണമെന്നും 35 സീറ്റുകളെങ്കിലും നല്‍കണമെന്നായിരുന്നു സര്‍വേ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. കോണ്‍ഗ്രസിലെ നേതാക്കളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സാമൂഹികനീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പ്, വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് ഇത്തവണ സ്ഥാനമുണ്ടാകില്ലെന്നായിരുന്നു ഹൈക്കമാന്റിന്റെ പ്രഖ്യാപനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW